kozhikode local

വില്യാപ്പള്ളിയില്‍ നിന്ന് 600 കിലോ സ്‌ഫോടകവസ്തു പിടിച്ചെടുത്തു

വടകര: വില്യാപ്പള്ളി വലിയമലയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഇ ന്നലെ നടത്തിയ റെയ്ഡിലാണ് 600 കിലോ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.
നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ റെയ്ഡിലാണ് വന്‍ ശേഖരം കണ്ടെത്തിയത്. സ്‌പെഷ്യല്‍ സ്‌ക്വാഡിനു പുറമെ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നു ഇന്നലെ രാവിലെ നടന്ന പരിശോധന മണിക്കൂറുകള്‍ നീണ്ടു. പൊട്ടാസ്യം നൈട്രേറ്റ്, സ ള്‍ഫര്‍, കരിമരുന്ന് എന്നിവയുടെ വന്‍ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. മടപ്പള്ളിയിലെ രാജീവന്റെ ഉടമസ്ഥതയിലുള്ള ഷെഡിലും പുറത്തുമായി സൂക്ഷിച്ച വെടിമരുന്നു ശേഖരം പടക്ക നിര്‍മാണത്തിനാണെന്ന് കരുതുന്നതെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ അധികൃതര്‍ ജാഗ്രതയിലാണ്. ലൈസന്‍സില്‍ കൂടുതല്‍ വെടിമരുന്നു സൂക്ഷിച്ചതായി കണ്ടെത്തി. വില്യാപ്പള്ളി അമരാവതിയില്‍ നിന്ന് ഒരു കിലോമീറ്ററിലേറെ അകലെയുള്ള ചെങ്കുത്തായ കുന്നിന്‍മുകളിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഏക്കര്‍ കണക്കിനു വിശാലമായ ഈ പ്രദേശം പോലിസ് സംഘം അരിച്ചുപെറുക്കി. വടകര എസ്‌ഐ ചിത്തരഞ്ജന്‍, ബോംബ് സ്‌ക്വാഡ് എസ്‌ഐ അനില്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ഈ വെടിമരുന്ന് ഉപയോഗിച്ച് ഉഗ്രശേഷിയുള്ള ഏതുതരം സ്‌ഫോടകവസ്തുവും നിര്‍മിക്കാവുന്നതാണ്. കസ്റ്റഡിയിലെടുത്ത വെടിമരുന്നു ശേഖരം കൊയിലാണ്ടി കീഴരിയൂരിലെ എആര്‍ ക്യാമ്പിലേക്കു മാറ്റി.
Next Story

RELATED STORIES

Share it