kozhikode local

വിലാതപുരം കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും കുടിവെള്ളമെത്തിയില്ല : തഹസില്‍ദാര്‍ അന്വേഷിക്കും



വടകര: വിലാതപുരം കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും ജനത്തിന് ഒരു തുള്ളി വെള്ളം ലഭിച്ചില്ലെന്ന പരാതിയെ കുറിച്ച് തഹസില്‍ദാര്‍ അന്വേഷണം നടത്തും. വടകര താലൂക്ക് വികസന സമിതിയാണ് തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. എളയടം, അരൂര്‍, പെരുമുണ്ടച്ചേരി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ എല്‍ഐസി സഹായത്തോടെ 98 ലക്ഷം രൂപ മുടക്കി 23 വര്‍ഷങ്ങള്‍ക്ക് മുമ്പ ്പൂര്‍ത്തീകരിച്ചതാണ് ഈ പദ്ധതി. പദ്ധതി വഴി ജനങ്ങള്‍ക്ക് ഒരു തുള്ളി വെള്ളം ലഭിച്ചില്ലെന്ന് വികസനസമിതി യോഗത്തില്‍ അംഗം കളത്തില്‍ ബാബുവാണ് ആഴ്ചകള്‍ക്ക് മുമ്പ് പരാതി ഉന്നയിച്ചത്. എന്നാല്‍ തൃപ്തികരമായ മറുപടി പോലും ജല അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് വികസന സമിതി അന്വേഷിക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. ഗുളിക പുഴയില്‍ നിന്ന് വെള്ളമെടുത്ത് കോട്ടപ്പള്ളിയില്‍ നിന്ന് ശുദ്ധീകരിച്ച് അവിടെ നിന്ന് വിലാതപുരത്തെ തറനിരപ്പിലെ സംഭരണിയിലെത്തിച്ച് പിന്നീട് അവിടെ നിന്നും ഉയര്‍ന്ന പ്രദേശത്ത് സ്ഥാപിച്ച ആറു ലക്ഷം ലിറ്റര്‍   ശേഷിയുള്ള സംഭരണിയിലേക്ക് പമ്പ് ചെയ്ത് അതില്‍ നിന്ന് അരൂര്‍ മലയാടപ്പൊയിലിലെ സംഭരണിയിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. പദ്ധതി വഴി  ജനത്തിന് ഇതുവരെ ഒരു തുള്ളി വെള്ളം നല്‍കാനായിട്ടില്ല. മാത്രവുമല്ല പമ്പ് ഹൗസ് അടച്ചുപൂട്ടി മോട്ടോര്‍ അഴിച്ചുവച്ചിരിക്കുകയാണ്. വികസന സമിതിയില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഓരോ ആഴ്ചയും ഓരോ മറുപടിയാണ് നല്‍കുന്ന—തെന്ന് ബാബു ആരോപിച്ചു. കഴിഞ്ഞ പുറമേരി പഞ്ചായത്ത് ഭരണ സമിതി ഇക്കാര്യത്തില്‍ ജല അതോറിറ്റിയുടെ വടകരയിലെ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ഒരു മാസത്തിനകം കോട്ടപ്പള്ളി പ്ലാന്റില്‍ പുതിയ മോട്ടോര്‍ സ്ഥാപിക്കുമെന്നും പിന്നീട് ജല വിതരണം നടത്തുമെന്നുമാണ് പറഞ്ഞതെന്ന് അന്നത്തെ വൈസ് പ്രസിഡന്റ് മനോജ് അരൂര്‍ പറഞ്ഞു. എന്നാല്‍ അരൂര്‍ മേഖലയില്‍ ഈ പദ്ധതി വഴി ഇതുവരെ വെള്ളമെത്തിയിട്ടില്ലെന്ന് അദ്ദേഹവും പറഞ്ഞു.
Next Story

RELATED STORIES

Share it