kozhikode local

വിലങ്ങാട് ജലവൈദ്യുത പദ്ധതി അവതാളത്തില്‍



വാണിമേല്‍: ജനറേറ്റര്‍ തകരാറിലായതിനാല്‍ വിലങ്ങാട് ജലവൈദ്യുത പദ്ധതി അവതാളത്തില്‍. പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകളില്‍ ഒന്നില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നത്. 2.5 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് പവര്‍ ഹൗസില്‍ ഉള്ളത്. ഇതില്‍ രണ്ടെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായി. വാളൂക്ക്, പനോം എന്നിവിടങ്ങളില്‍ തടയണകള്‍ നിര്‍മിച്ച് കനാലുകള്‍ വഴി വെള്ളം വിലങ്ങാട് ടൗണിനടുത്ത് നിര്‍മിച്ച പവര്‍ സ്റ്റേഷനില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇങ്ങനെ ഉല്‍പാദിപ്പിച്ച വൈദ്യതി ഭൂഗര്‍ഭ കേബിളിലൂടെ ചിയ്യൂര്‍ സബ് സ്റ്റേഷന്‍വഴി പൊതു ഗ്രിഡിലേക്ക് കടത്തി വിട്ടാണ് വിതരണം ചെയ്യുന്നത്. 2014 സപ്തംബര്‍ ഒന്നിനാണ് വിലങ്ങാട് പ്രകൃതി സൗഹൃദ ജലവൈദ്യുത പദ്ധതി  ഉദ്ഘാടനം ചെയ്തത്. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് കഴിഞ്ഞ വര്‍ഷം വൈദ്യുതി ഉല്‍പാദനത്തെ സാരമായി ബാധിച്ചിരുന്നു. 22.6 മില്യണ്‍ യൂനിറ്റ് ഉല്‍പാദനം വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിട്ടെങ്കിലും 12 മില്യണ്‍ യൂനിറ്റ് മാത്രമേ ഉല്‍പാദിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. പവര്‍ സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും പ്രദേശവാസികള്‍ക്ക് വൈദ്യുതി നല്‍കുന്നുവെന്ന പ്രത്യേകത കൂടി വിലങ്ങാട് ജലവൈദ്യുത പദ്ധതിക്കുണ്ട്. പ്രദേശത്തെ 3,600 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. വിലങ്ങാട് മേഖലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ഏറെ പ്രയോജനപ്പെട്ടിരുന്ന ജല വൈദ്യുത പദ്ധതി ഉല്‍പാദനം നിലച്ചത് ഈ മേഖലയിലെ വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കും.
Next Story

RELATED STORIES

Share it