Flash News

വിലക്ക് ലംഘിച്ചില്ല; വീണ്ടും യമനില്‍ എത്താന്‍ തയ്യാര്‍



കൊച്ചി: അനുവദിച്ചാല്‍ വീണ്ടും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നു ഫാ. ടോം ഉഴുന്നാലില്‍. യമനില്‍  പിടിയിലായതിനു ശേഷം മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ഭീകരരുടെ പിടിയിലായപ്പോള്‍ ഒരിക്കല്‍ പോലും പരിഭ്രമിച്ചില്ല. മോചനത്തിനായി കാത്തിരുന്നു. ആരുടെയും വിലക്ക് ലംഘിച്ചല്ല യമനില്‍ സേവനത്തിനു പോയത്. വേണ്ടപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും യമനിലെത്താന്‍ മടിക്കുകയില്ലെന്നും ടോം ഉഴുന്നാലില്‍ പറഞ്ഞു.  തട്ടിക്കൊണ്ടുപോയ സംഘം ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രാദികളാണോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. ഏതു സംഘമാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് അന്നും ഇന്നും വ്യക്തമല്ല. തികച്ചും മാന്യമായ പെരുമാറ്റമായിരുന്നു അവരുടേത്. ഒരിക്കല്‍ പോലും ശാരീരികമായി ഉപദ്രവിക്കുകയോ പ്രാര്‍ഥിക്കാനുള്ള അവകാശം നിഷേധിക്കുകയോ ചെയ്തിരുന്നില്ലെന്നും ടോം ഉഴുന്നാലില്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ 7.15നാണ് സലേഷ്യന്‍ സഭയിലെ സഹവൈദികരോടൊപ്പം ടോം ഉഴുന്നാലില്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. വിവിധ സഭകളില്‍ നിന്നായി നിരവധി വൈദികരും കന്യാസ്ത്രീകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ മാണി എംപി, എംഎല്‍എമാരായ അന്‍വര്‍സാദത്ത്, വി കെ ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, റോജി എം ജോണ്‍, വി ഡി സതീശന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസ് തുടങ്ങിയവരും ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വെണ്ണല ഡോണ്‍ ബോസ്‌കോയിലേക്ക് പോയ ഉഴുന്നാലില്‍  സെന്‍് മേരിസ് ബസലിക്കയിലേത്തി പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. പിന്നീട് അദ്ദേഹം വരാപ്പുഴ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിച്ച ശേഷം ഉച്ചയോടെ പാലായിലേക്ക് തിരിച്ചു. അതേസമയം, ഫാ. ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയെങ്കിലും നെടുമ്പാശ്ശേരിയില്‍ എത്തേണ്ടിയിരുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി അനൗചിത്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it