വിലക്ക് മറികടന്ന് തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

മുംബൈ: സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് മേധാവിയുമായ തൃപ്തി ദേശായിയും സംഘവും വിലക്കു ലംഘിച്ച് മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. എന്നാല്‍ ദര്‍ഗയുടെ പ്രധാന പ്രാര്‍ഥനാ മന്ദിരത്തില്‍ കടക്കാനായില്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെ അധികമാരെയും അറിയിക്കാതെയായിരുന്നു തൃപ്തിയും സംഘവും ദര്‍ഗയിലെത്തിയത്. ഇന്നലെ രാവിലെ ആറോടെയാണു സംഭവം. പോലിസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാന്‍ അവര്‍ എത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ചില മുസ്‌ലിം സംഘടനകളും ശിവസേനയുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍ ഇത്തവണ പോലിസ് തങ്ങളോട് സഹകരിച്ചെന്നും ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിന്റെ വിജയമാണിതെന്നും തൃപ്തി ദേശായി പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കു പ്രവേശനം വിലക്കിയത്. ഇതിനെതിരേ ചില വനിതാ സംഘടനകള്‍ കേസ് നടത്തിവരികയാണ്. മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനായി നടത്തിയ സമരങ്ങളിലൂടെയാണു തൃപ്തി ദേശീയശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സാധ്യമാക്കി. ഇതിനുപിന്നാലെ തന്റെ അടുത്ത ലക്ഷ്യം ഹാജി അലി ദര്‍ഗയും ശബരിമലയുമാണെന്നു തൃപ്തി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it