Flash News

വിലക്ക് നീക്കിയതുകൊണ്ടൊന്നും തന്റെ വായ അടപ്പിക്കാനാകില്ല:വിനയന്‍

വിലക്ക് നീക്കിയതുകൊണ്ടൊന്നും തന്റെ വായ അടപ്പിക്കാനാകില്ല:വിനയന്‍
X


കോഴിക്കോട്: ഒരു വിലക്ക് നീക്കികൊണ്ട് തന്റെ വായ അടപ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ടെന്ന്  സംവിധായകന്‍ വിനയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ നിലപാട് വ്യക്തമാക്കിയത്. വിലക്ക് നീക്കിയതുകൊണ്ട് തന്റെ നിലപാടുകളില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയും എന്ന് തന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വിനയനെ ഇനിയും മനസ്സിലായിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിനയന്റെ  ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് താരംഘടനയായ 'അമ്മ' ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു മറച്ചുവെക്കാതെ ധീരതയോടെ മുന്നോട്ടുവന്ന് നിയമത്തിനു മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ ആ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം പോലും പാസാക്കാതിരുന്ന അമ്മയുടെ നിലപാട് ഖേദകരമാണെന്നും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ 9 വര്‍ഷത്തെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണ് ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും ഇപ്പോള്‍ മലയാള സിനിമാരംഗത്തുനിന്നും എനിക്കു ലഭിച്ചത്. അല്ലാതെ ഒരു വിലക്കു നീക്കിക്കൊണ്ട് എന്റെ വായടപ്പിക്കാനോ നിലപാടുകളില്‍ നിന്നു വ്യതിചലിപ്പിക്കാനോ ആര്‍ക്കെങ്കിലും കഴിയും എന്ന് എന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വിനയനെ ഇനിയും മനസ്സിലായിട്ടില്ല എന്നു ഖേദപൂര്‍വ്വം പറയട്ടെ.


അനീതിക്കും അക്രമത്തിനും മനുഷത്വമില്ലായ്മയ്ക്കും എതിരെ ഞാന്‍ എങ്ങനെയാണ് പ്രതികരിച്ചിരുന്നതെന്ന് ഈ ഫേസ്ബുക്ക് പേജിലെ മുന്‍കാലതാളുകള്‍ മറിച്ചുനോക്കുന്നവര്‍ക്ക് കൃത്യമായി മനസ്സിലാകും. ഈ ജന്മം തീരുന്ന വരെ... മരിച്ചു മണ്ണടിയുന്ന വരെ ആ നിലപാടുകളില്‍ ഒന്നും ഒരു മാറ്റവുമുണ്ടാകില്ല. എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും ഏതെങ്കിലും സ്വകാര്യനേട്ടങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്റെ വ്യക്തിത്വം അടിയറവു വയ്ക്കത്തുമില്ല.

ഒരു സംവിധായകനും ചലച്ചിത്രകാരനും എന്ന നിലയില്‍ എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്‍പതു വര്‍ഷങ്ങള്‍ കവര്‍ന്നെടുത്തവര്‍ ഇനി എന്തു തിരിച്ചു തന്നാലും അതു പരിഹാരമാകില്ല. ഇവിടുത്തെ മാധ്യമസുഹൃത്തുക്കള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എല്ലാമറിയാം എന്നെ തമസ്‌കരിക്കാനും എന്റെ ചലച്ചിത്രപ്രവര്‍ത്തനം ഇല്ലാതാക്കാനും സിനിമാരംഗത്തെ വരേണ്യവര്‍ഗ്ഗം എത്രമാത്രം ശ്രമിച്ചിരുന്നു എന്ന്. പക്ഷേ ആ മാധ്യമങ്ങള്‍ പോലും അവരുടെ നിലനില്‍പ്പിന് സിനിമാക്കാരുടെ സഹായം അനിവാര്യമായിരുന്നതിനാല്‍ എന്നെ സംരക്ഷിക്കാന്‍ നിന്നില്ല, ആ വാര്‍ത്തകള്‍ വേണ്ട രീതിയില്‍ കൊടുത്തില്ല എന്ന കാര്യം വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു. ഇതു വായിക്കുന്ന മാധ്യമസുഹൃത്തുക്കള്‍ക്കും, മാധ്യമമേധാവികള്‍ക്കും ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകുമെന്നു കരുതുന്നു.


ഒരു സിനിമാസംഘടനയിലെയും അംഗത്വമില്ലാതെ ഒരാള്‍ക്ക് സിനിമയെടുക്കാം, സെന്‍സര്‍ ചെയ്യാം, പ്രദര്‍ശിപ്പിക്കാം എന്ന് 2009ല്‍ ഞാന്‍ നേടിയ ഹൈക്കോടതി വിധിയും  മലയാള സിനിമയില്‍ ഒരു വിലക്കും ഇനി വിലപ്പോകില്ല എന്നു തെളിയിച്ചുകൊണ്ട് ഇപ്പോള്‍ ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നു നേടിയ വിധിയും അടുത്ത തലമുറയ്ക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു.

എന്റെ മുന്‍നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ഒന്നു പറയട്ടെ മുന്‍കാലങ്ങളില്‍ എന്നോട് ചെയ്ത ചെയ്തികളുടെ പേരില്‍ എനിക്കാരോടും പകയോ വൈരാഗ്യമോ ഇല്ല. ഇന്നലെ നടന്ന അമ്മയുടെ മീറ്റിംഗില്‍ എന്നോട് സ്‌നേഹം കാണിച്ച ജനറല്‍ സെക്രട്ടറി ശ്രീ മമ്മൂട്ടിയോടും, വൈസ് പ്രസിഡന്റ് ശ്രീ ഗണേഷ് കുമാറിനോടുമുള്ള എന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തട്ടെ. അതിനോടൊപ്പം ഒന്നുകൂടി പറയുന്നു. ഇന്നലെ നടന്ന മീറ്റിംഗില്‍ മീഡിയയോട് കുറച്ചുകൂടി പക്വതയോടെ പെരുമാറാമായിരുന്നു. മാത്രമല്ല, ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു മറച്ചുവെക്കാതെ ധീരതയോടെ മുന്നോട്ടുവന്ന് നിയമത്തിനു മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ ആ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അമ്മയുടെ ജനറല്‍ ബോഡിയില്‍ നിന്നും കേരളജനത പ്രതീക്ഷിച്ചിരുന്നു. അതും ഉണ്ടായില്ല. ഖേദകരമാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി ക്ഷമയോടും, ആവേശം നഷ്ടപ്പെടാതെയും മലയാള സിനിമയിലെ അനീതികള്‍ക്കെതിരെ പോരാടുവാനുള്ള ശക്തി എനിക്കു നല്‍കിയത്ഭ എന്നെ സ്‌നേഹിച്ച സുഹൃത്തുക്കളാണ്. അവര്‍ക്കു ഞാന്‍ നന്ദി പറയുന്നു, ഹൃദയത്തിന്റെ ഭാഷയില്‍.
Next Story

RELATED STORIES

Share it