kozhikode local

വിലക്കുറവും ഓഫറുകളുമായി പെരുന്നാള്‍ വിപണി സജീവം



കോഴിക്കോട്: ചെറിയപെരുന്നാള്‍ ആഘോഷമാക്കാന്‍ വിപണി സജീവമായി. ചെറിയ്‌പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിലക്കുറവും ആകര്‍ഷകമായ ഓഫറുകളും മറ്റും ഒരുക്കി വിപണി സജീവമായി. വസ്ത്ര വിപണിയിലാണ് വലിയ തിരക്കനുഭവപ്പെടുന്നത്. റമദാന്‍ പത്ത് പിന്നിട്ടപ്പോള്‍ തന്നെ പെരുന്നാള്‍ തിരക്ക് ആരംഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിലെ മഴ വിപണിയെ നേരിയ തോതില്‍ ബാധിച്ചിരുന്നു. മിഠായിത്തെരുവും പാളയവും വിവിധ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും സന്ദര്‍ശകരുടെ തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി രാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണനുഭവപ്പെട്ടത്. ഏറ്റവും പുതിയ മോഡലുകള്‍ വില്‍പ്പനക്ക് വച്ചും വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചും ആളുകളെ ആകര്‍ഷിക്കാന്‍ കടക്കാര്‍ മല്‍സരിക്കുകയാണ്. വന്‍കിട ഷോപ്പിങ് മാളുകള്‍ മുതല്‍ വഴിയോരകച്ചവടക്കാ ര്‍ വരെ വസ്ത്രങ്ങള്‍ പരമാവധി വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ജനത്തിരക്ക് കാരണം രാത്രി വൈകിയാണ് ഷോപ്പുകള്‍ അടയ്ക്കുന്നത്. ചെരിപ്പ് കടകളിലും ഫാന്‍സി ഷോപ്പുകളിലും വന്‍തിരക്കാണ്. മൈലാഞ്ചിയില അരച്ച് കൈകളിലണിഞ്ഞിരുന്ന കാലമെല്ലാം ഓര്‍മയായതോടെ മൈലാഞ്ചി വിപണിയില്‍ റെഡിമെയ്ഡ് കോണുകളാണ് വിറ്റഴിയുന്നത്. അറേബ്യന്‍, ഉത്തരേന്ത്യന്‍, പാക്കിസ്താനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചി വരകളുടെ ഡിസൈനുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് മൈലാഞ്ചി വിപണി. ബിഗ്ബി, റെഡ്ബി, ഹസ്ബ്, സിങ്, അറഫ, അറേബ്യന്‍, മെഹ്‌റുബ, സഫ, ശിഫ, ബീഗം, സന, ദീന, ദുല്‍ഹന്‍ എന്നിങ്ങനെ പല പേരുകളാണ് മൈലാഞ്ചിക്കോണുകള്‍ക്ക്. ഇവയില്‍ അറേബ്യന്‍ സ്‌റ്റൈലിനോടാണ് കൂടുതല്‍ പേര്‍ക്കും പ്രിയം. പെട്ടെന്ന് തന്നെ ഡിസൈന്‍ ചെയ്യാന്‍ കഴിയുന്നതാണ് ഇതിനു കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കെമിക്കലില്ലാത്ത മൈലാഞ്ചിയോടാണ് പ്രിയം. പത്ത് രൂപ മുതല്‍ മുപ്പത് രൂപ വരെയുള്ള മൈലാഞ്ചിക്കോണുകള്‍ വിപണിയിലുണ്ട്. പര്‍ദ ഷോപ്പുകളിലും ഊദ് അത്തര്‍ കടകളിലും പെരുന്നാള്‍ വില്‍പ്പന പൊടി പൊടിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it