വിലക്കിന് പുല്ലുവില: ആയുധ ഡിപ്പോയ്ക്ക് സമീപം ബിജെപി നേതാവിന്റെ വീട്

ജമ്മു: ജമ്മുകശ്മീരിലെ നഗ്രോട്ടയില്‍ ആയുധ ഡിപ്പോയ്ക്കു സമീപം സൈന്യത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഉന്നത ബിജെപി നേതാവായ സ്പീക്കര്‍ നിര്‍മല്‍ സിങ് വീട് പണിയുന്നു. നിയമപ്രകാരം സൈനിക ഡിപ്പോയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കെട്ടിടനിര്‍മാണം പാടില്ല. എന്നാല്‍, സൈന്യത്തിന്റെ വിലക്ക് നേതാവ് വിലയ്‌ക്കെടുത്തിട്ടില്ല.
നിര്‍മല്‍ സിങിനെ കൂടാതെ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയും ഇവിടെ ഭൂമി വാങ്ങിയിട്ടുണ്ട്. ഹിമഗിരി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ഇരുവരും ഈ ഭൂമി സ്വന്തമാക്കിയത്. തനിക്ക് അവകാശപ്പെട്ട 2000 ചതുരശ്ര മീറ്റര്‍ ഭൂമിയിലാണ് നിര്‍മല്‍ സിങ് വിട് പണിയുന്നത്. വീടുപണി നടക്കുന്നത് ആയുധ ഡിപ്പോയുടെ 530 മീറ്റര്‍ അടുത്താണ്. മുന്നറിയിപ്പു വകവയ്ക്കാതെ നിര്‍മാണം തുടരുന്നതില്‍ സൈനിക കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സരണ്‍ജീത്ത് സിങ് സ്പീക്കര്‍ക്ക് നേരിട്ട് കത്തെഴുതിയിട്ടുണ്ട്.
മാര്‍ച്ച് 19നാണ് അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന നിര്‍മല്‍ സിങിന് സേനാ കമാന്‍ഡര്‍ കത്തയച്ചത്. അതേസമയം, ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നാണ് നിര്‍മല്‍ സിങ് പറയുന്നത്. വീടുനിര്‍മാണം നിയമപരമാണ്. സൈന്യം പറയുന്നത് അവരുടെ നിലപാടാണ്. അത് നിയമപരമായി തന്നെ ബാധിക്കുന്നതല്ലെന്നും സിങ് പറഞ്ഞു. അതേസമയം, ഈ വീടുനിര്‍മാണം 1903ലെ പ്രതിരോധ നിര്‍മാണ നിയമം, കേന്ദ്രസര്‍ക്കാര്‍ 2002ല്‍ പുറത്തിറക്കിയ ഉത്തരവ് എന്നിവയുടെ ലംഘനമാണെന്നു കമാന്‍ഡര്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it