വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയാന്‍ മിന്നല്‍പ്പരിശോധന

തിരുവനന്തപുരം: വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രധാന വിപണികളില്‍ മിന്നല്‍പ്പരിശോധന നടത്തുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. നിത്യോപയോഗസാധനങ്ങളുടെ ദിനംതോറുമുള്ള വിലനിലവാരം അവലോകനം ചെയ്യുന്നതിനായി പ്രൈസ് മോണിറ്ററിങ് സെല്‍ സെക്രട്ടേറിയറ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അരിവില വര്‍ധനയ്ക്ക് കാരണം ആന്ധ്രയിലെ വ്യാപാരിക ള്‍ അരി പൂഴ്ത്തിവയ്ക്കുന്നതാണ്. മലബാര്‍ മേഖലയില്‍ അരിവില വര്‍ധിച്ചിട്ടില്ല. ഉടന്‍ തന്നെ സംസ്ഥാനത്തെ മുഴുവന്‍ മൊത്തക്കച്ചവടക്കാരുടെയും യോഗം വിളിക്കും. ആവശ്യമെങ്കില്‍ ആന്ധ്രയിലെ അരിവ്യാപാരികളുമായി ആശയവിനിമയം നടത്തും. കച്ചവടക്കാരുടെ ഭീഷണിക്ക് കീഴടങ്ങില്ല. സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കിയ വകയില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2013ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാനിയമം സമയബന്ധിതമായി നടപ്പാക്കും. റേഷന്‍ കാര്‍ഡുകള്‍ പരാതികളെല്ലാം പരിഹരിച്ച് ഉടന്‍ വിതരണം ചെയ്യും. എഎവൈ-ബിപിഎല്‍ വിഭാഗത്തില്‍ അര്‍ഹരായ മുഴുവന്‍പേരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. വിലക്കയറ്റം തടയാന്‍ വിപണി ഇടപെടലിനായി 150 കോടി അനുവദിച്ചിട്ടുണ്ട്. മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നവീകരിക്കാനും നടപടികള്‍ സ്വീകരിക്കും. മാവേലിസ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഘട്ടംഘട്ടമായി അവ തുറക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വിപുലീകരിക്കും.
സപ്ലൈകോയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എല്‍പിജി ഔട്ട്‌ലെറ്റുകള്‍ എന്നിവ സ്ഥാപിക്കും. മാവേലി ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തും. ഭക്ഷ്യോല്‍പന്നങ്ങള്‍ കൃഷിയിടങ്ങളില്‍ പോയി സംഭരിക്കുന്നതിനു നടപടിയെടുക്കും. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക സമയബന്ധിതമായി നല്‍കും. വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തും.
റമദാന്‍ പ്രമാണിച്ച് പ്രധാന കേന്ദ്രങ്ങളില്‍ റമദാന്‍ ഫെയറുകള്‍ സംഘടിപ്പിക്കും. ഓണം ഫെയര്‍ മാര്‍ക്കറ്റുകള്‍ ഫലപ്രദമായി സംഘടിപ്പിക്കും. ഉപഭോക്താക്കളുടെ പരാതിപരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്നും അളവുതൂക്ക വകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it