വിറങ്ങലിച്ച് ജോനയും സുഹൃത്തുക്കളും; ജലപാനമില്ലാതെ കഴിച്ചുകൂട്ടിയതു മണിക്കൂറുകള്‍

കെ എം അക്ബര്‍

ചാവക്കാട്: പാരിസില്‍ വീടിനടുത്തുണ്ടായ ആക്രമണത്തിന്റെ നിജസ്ഥിതിയറിയാതെ ജോനയും സുഹൃത്തുക്കളും ജലപാനമില്ലാതെ കഴിച്ചുകൂട്ടിയത് മണിക്കൂറുകള്‍. കളരിയുടെ പിഴയ്ക്കാത്ത ചുവടുകള്‍തേടി മൂന്നു ദിവസം മുമ്പ് ചാവക്കാട്ടെ വല്ലഭട്ട കളരി സംഘത്തിലെത്തിയതായിരുന്നു സെന്റര്‍ പാരിസ് സ്വദേശികളായ ജോനയും നൈമയും ചാര്‍ളിയും. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ജോനയുടെ മൊബൈല്‍ ഫോണിലേക്ക് സഹോദരന്‍ ജോവന്റെ സന്ദേശമെത്തിയത്.
ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ആക്രമണം നടന്നിരിക്കുന്നു. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടത്. ഇതായിരുന്നു സന്ദേശം. വിവരമറിഞ്ഞ മൂന്നു പേരും ഞെട്ടിത്തരിച്ചു. പിന്നെ നാട്ടിലെ ബന്ധുക്കളുടെയും മറ്റു സുഹൃത്തുക്കളുടെയും ഫോണുകളിലേക്ക് മൂന്നു പേരും മാറി മാറി വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍, ആക്രമണം സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. ഇതോടെ ആശങ്കയേറി. ആക്രമണത്തില്‍ 150ലധികം പേര്‍ മരിച്ചതായി ചാനലുകളില്‍ വാര്‍ത്ത വന്നതോടെ മൂന്നു പേരും തളര്‍ന്നു. ആക്രമണത്തില്‍ തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലായിരുന്നു മൂന്നു പേരും. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞ് നാട്ടില്‍ നിന്ന് ജോനയുടെ സഹോദരന്‍ ജോവന്റെ ഫോ ണ്‍ എത്തി.
ആക്രമണത്തില്‍ തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്‍പ്പെട്ടിട്ടില്ലെന്നും ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മല്‍സരം നടന്ന സ്റ്റഡ് ദെ ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയ താന്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും ജോവന്‍ അറിയിച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കു വിരാമമായത്.
ഇന്നലെ ആക്രമണം നടന്ന ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നിന്നു കിലോമീറ്റുകള്‍ മാത്രം ദൂരമാണ് തങ്ങളുടെ വീടുകളെന്ന് ഇവര്‍ പറഞ്ഞു. വല്ലഭട്ട കളരി സംഘത്തിലെ ഫ്രാ ന്‍സിലെ ശാഖയില്‍ കളരി അഭ്യസിക്കുന്ന മൂന്നു പേരും കൂടുതല്‍ പഠനത്തിനായാണു ചാവക്കാട്ടെത്തിയത്.
Next Story

RELATED STORIES

Share it