malappuram local

വിറങ്ങലിച്ച് കൈതക്കുണ്ട; രക്ഷകരായി നാട്ടുകാര്‍

പുളിക്കല്‍: പാലക്കാട്-കോഴിക്കോട് ദേശീയപാത 213 കൈതക്കുണ്ടയിലുണ്ടായ ബസ്സപകടം നാടിനെ നടുക്കി. വിവാഹത്തില്‍ പങ്കെടുത്ത് സേലത്ത് നിന്ന് മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പെട്ട് അഞ്ചു പേര്‍ ദാരുണമായി മരിച്ചത്. രക്ഷാ പ്രവര്‍ത്തനെത്തിയ നാട്ടുകാരില്‍ പലരും അപകടത്തിന്റെ ഭീകരത കണ്ട് പകച്ചു നിന്നു. ബസ്സിന്റെ സീറ്റിനുളളിലും കമ്പികള്‍ക്കിടയിലും കുടുങ്ങിക്കിടന്നവരുടെ കൂട്ട നിലവിളി ഉയര്‍ന്നതോടെ കൂടുതല്‍ പേര്‍ ഓടിയെത്തി രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി. ബസ്സിന്റെ ഇടതുഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ വലതു ഭാഗത്തുകൂടിയാണ് പലരേയും പുറത്തെടുത്തത്. തല തകര്‍ന്നും കൈകാലൊടിഞ്ഞും കിടന്നവരെ ഏറെ സാഹസപ്പെട്ടാണ് നാട്ടുകാര്‍ കിട്ടിയ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് കുതിച്ചത്.
അഞ്ചു പേരില്‍ നാലു പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ബസ് സമീപത്തെ മതില്‍ക്കെട്ടും തകര്‍ത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് പാഞ്ഞു കയറിയ നിലയിലായിരുന്നു. അതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അധികം വൈകാതെ പോലിസും അഗ്നിശമനസേനയും സ്ഥലത്തെത്തി. ബസ്സിന്റെ സീറ്റുകള്‍ അടക്കം പുറത്തേക്ക് തെറിച്ചുവീണ നിലയിലായിരുന്നു. ലോറിയിലും ബസ്സിലും തലച്ചോറും ചോരയും തളം കെട്ടിനിന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. പുലര്‍ച്ചെ നടന്ന അപകടവാര്‍ത്ത പരന്നതോടെ നൂറുകണക്കിന് ആളുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു.
അതേസമയം, അപകടത്തില്‍ പെട്ട ബസ്സിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് ആര്‍ടിഒയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മണിപ്പൂരില്‍ നിന്നുളള ലൈസന്‍സാണുളളതെന്ന് പറയുന്ന ഷമീര്‍ പോലിസിനും ലൈസന്‍സ് കാണിച്ചു കൊടുത്തിട്ടില്ല. ബസ് ഡ്രൈവര്‍ മട്ടന്നൂര്‍ തൈപ്പറമ്പില്‍ ഷമീര്‍ കോണ്‍ട്രാക്ട് ഗ്യാരേജ് ഓടിക്കാനുളള ലൈസന്‍സില്ലാതെയാണ് ബസ്സോടിച്ചതെന്ന് ആര്‍ടിഒ പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കുന്നവര്‍ക്ക് ബാഡ്ജ് ലഭിക്കണമെങ്കില്‍ എട്ടാം ക്ലാസ്സ് പാസാവണം. ശമീര്‍ ഏഴാം ക്ലാസ് വിദ്യാഭ്യാസമുളളയാളാണ്.
മണിപ്പൂരില്‍ നിന്ന് വ്യജ രേഖകള്‍ ചമച്ചെടുത്ത ലൈസന്‍സോ, കൃത്രിമ ലൈസന്‍സോ ആണ് ഇയാള്‍ സംഘടിപ്പിച്ചതെന്നും ആര്‍ടിഒ പറഞ്ഞു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ കണ്ണൂര്‍ ആര്‍ടിഒക്ക് മലപ്പുറം ആര്‍ടിഒ ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ലോറിയില്‍ കൊളുത്തി വലിച്ച് പോയപ്പോള്‍ ബസിന്റെ ഇടത്ത് ഭാഗത്തിരിക്കുന്ന മുഴുവന്‍ യാത്രക്കാരും സീറ്റടക്കം കൊളുത്തി വലിച്ച് പോയി.
ഇതാണ് മരണ സംഖ്യ വര്‍ധിക്കാനും യാത്രക്കാര്‍ക്ക് ഗുരുതര പരിക്കുണ്ടാന്‍ ഇടയായതെന്ന് ആര്‍ടിഒ പരിശോധനയില്‍ കണ്ടെത്തി. അപകടകരമായും അശ്രദ്ധമായുമുളള ഓവര്‍ടേക്കാണ് അപകട കാരണം.
ഡ്രൈവര്‍ വാഹനം ലോറിയില്‍ ഇടിച്ചിട്ടും ബ്രേക്ക് അപ്ലൈ ചെയ്തില്ല. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുകയാണെങ്കില്‍ മരണ സംഖ്യ കുറയുമായിരുന്നു. ബസ്സ് ഡ്രൈവര്‍ പോലിസ് കസ്റ്റഡിയിലാണ്.
Next Story

RELATED STORIES

Share it