Articles

വിരോധം ഗ്രീന്‍ ട്രൈബ്യൂണലിനോട്

പരിസ്ഥിതി നാശം ഗുരുതരം- 2  -  പ്രഫ. കെ അരവിന്ദാക്ഷന്‍
പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിപണിയുടെ യുക്തിയെ മാത്രം അടിസ്ഥാനമാക്കി പരിശോധിക്കുമ്പോഴും അതിലൂടെ സമൂഹത്തിനു മൊത്തത്തില്‍ പേറേണ്ടതായി വരുന്ന ബാധ്യതയ്ക്ക് അനുസൃതമായി വികസനത്തില്‍ നിന്നു മതിയായ നേട്ടങ്ങള്‍ തിരികെ കിട്ടുന്നുണ്ടോ എന്നതു സംശയമാണ്. വായുമലിനീകരണത്തിനും പരിസ്ഥിതിനാശത്തിനും പരിഹാരമായി സൗരോര്‍ജത്തിലേക്ക് ത്വരിതഗതിയിലുള്ള മാറ്റം അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. സൗരോര്‍ജത്തിലേക്കുള്ള മാറ്റം സാധ്യമാക്കണമെങ്കില്‍ സബ്‌സിഡി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതോടൊപ്പം മലിനീകരണ സാധ്യതകള്‍ ഏറെയുള്ള ഇന്ധനങ്ങളുടെ വില ഉയര്‍ത്തുകയും ചെയ്യണം. കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള പ്ലാന്റുകളുടെ പരിസ്ഥിതി നിലവാരങ്ങള്‍ കര്‍ശനമാക്കേണ്ടതും ഒരു അനിവാര്യതയാണ്.
മറിച്ചാണ് ചെയ്യുന്നതെങ്കില്‍ അത് മാറ്റത്തില്‍ നിന്ന് അതിവേഗം പിന്നാക്കംപോക്കിലേക്കായിരിക്കും സമൂഹത്തെ നയിക്കുക. വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലനിര്‍ണയ രീതിയിലും മാറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ സമൂഹത്തിന് ഈ രണ്ടു തരം ഇന്ധനങ്ങളുടെയും വിനിയോഗം തമ്മിലുള്ള അന്തരം ബോധ്യപ്പെടുകയുള്ളൂ. സ്വന്തം അനുഭവമാണ് സ്വാധീനം ചെലുത്തുക.
നിലവില്‍ പരിസ്ഥിതി സംബന്ധമായ കുഴപ്പത്തിന്റെ മൂലകാരണം സമീപകാലത്ത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നയപരമായ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന അഴകൊഴമ്പന്‍ സമീപനവും തുടര്‍ച്ചയായി ഉണ്ടാവുന്ന പരാജയങ്ങളുമാണ്. ഇത്തരമൊരു സാഹചര്യത്തിലേക്ക് സ്ഥിതിഗതികള്‍ കൊണ്ടെത്തിച്ചിരിക്കുന്നത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ പോലും നടപ്പാക്കുന്നതില്‍ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലെന്നതിനാലാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഗുണമേന്‍മ ഒരു രാത്രി കൊണ്ട് മെച്ചപ്പെടുത്താന്‍ കഴിയുകയുമില്ല. അതേസമയം, ഇത്തരം പരിശ്രമങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കണമെന്നതാണ് പ്രധാനം. ലക്ഷ്യബോധമില്ലായ്മ നമ്മെ നയിക്കുക പിന്നോട്ടായിരിക്കുമെന്നതില്‍ സംശയമില്ല.
പരിസ്ഥിതി നിയമങ്ങളുടെ നടത്തിപ്പില്‍ മേല്‍നോട്ടം വഹിക്കുകയും നിയമപരമായ സംരക്ഷണം നല്‍കുകയും ചെയ്യാന്‍ ബാധ്യസ്ഥമായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഭാഗമായ ബെഞ്ചുകളുടെയും മേഖലാ ശാഖകളുടെയും പ്രവര്‍ത്തനം ഏറക്കുറേ തീര്‍ത്തും സ്തംഭനാവസ്ഥയിലാണിന്ന്. ഈ സ്തംഭനാവസ്ഥയ്ക്ക് തുടക്കം കുറിച്ചത് ചെന്നൈയിലെ ദക്ഷിണ മേഖലാ ബെഞ്ചില്‍ നിന്നായിരുന്നത്, പിന്നീട് മറ്റു മേഖലാ ബെഞ്ചുകളിലേക്കും ജുഡീഷ്യല്‍ അംഗങ്ങളുടെ അഭാവം മൂലം വ്യാപിക്കുകയായിരുന്നു.
കേസിന്റെ പരിഗണനയ്ക്ക് ജുഡീഷ്യല്‍ വിദഗ്ധ സമിതി അംഗങ്ങള്‍ അനിവാര്യമാണെന്ന സുപ്രിംകോടതിയുടെ വിധി പുറത്തുവന്നതിനു ശേഷമാണ് ഈ നടപടിയെന്ന് ഓര്‍ക്കുക. ഒരു ബെഞ്ചില്‍ ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നും ഒരാള്‍ വീതം അംഗമായിരിക്കണമെന്ന വിധിയുടെ നഗ്നമായ ലംഘനമാണിത്. ഇതേത്തുടര്‍ന്ന് ബെഞ്ചുകളുടെ പ്രവര്‍ത്തനം അസാധ്യമാവുമെന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് ഏകാംഗ ബെഞ്ചുകള്‍ പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു.
എന്നാല്‍, ഏറ്റവുമൊടുവില്‍ സുപ്രിംകോടതി വീണ്ടും ഏകാംഗ ബെഞ്ചിനെതിരേ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ഈ കൂട്ട സ്ഥലംമാറ്റത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്ന് വ്യക്തമാണ്. അതേസമയം, മേഖലാ ബെഞ്ചുകളുടെ പരിഗണനയിലുള്ള മുഴുവന്‍ കേസുകളും ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റുക പ്രായോഗികമല്ലാത്തതിനാല്‍ പരിസ്ഥിതി കേസുകളുടെ പരിഗണന തന്നെ നടക്കാത്ത സ്ഥിതിയായിരിക്കും വന്നുചേരുക.
നിലവില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന ചെന്നൈയിലെ ദക്ഷിണ മേഖലാ ബെഞ്ചില്‍ കേരളത്തില്‍ നിന്നു മാത്രം 31 കേസുകളുണ്ടത്രേ. മൂന്നാര്‍ കൈയേറ്റം, പെരിയാര്‍-കരമനയാര്‍ നദീജലപ്രശ്‌നങ്ങള്‍, ആശുപത്രി മാലിന്യം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, പഞ്ചിമഘട്ടത്തിലെ ക്വാറികളുടെ പ്രവര്‍ത്തനം, ഭാരതപ്പുഴ മണല്‍ ഖനനം, പൊന്നാനി തുറമുഖ മണല്‍ ഖനനം,             കൊച്ചി നഗരത്തിലെ വായു മലിനീകരണം, കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കണിക അഥവാ ന്യൂട്രിനോ പരീക്ഷണശാല, എറണാകുളം ജില്ലയിലെ ശുചിമുറി മാലിന്യസംസ്‌കരണം തുടങ്ങിയവ ഇതില്‍ ചിലതു മാത്രമാണ്.
കൊച്ചി നഗരത്തിന്റെ ഭാഗമായ ചിലവന്നൂര്‍ പ്രദേശത്ത് നിലവിലുള്ള തീരദേശ പരിപാലന നിയമവ്യവസ്ഥകളെ മുഴുവന്‍ അട്ടിമറിക്കുകയും വന്‍തോതില്‍ പരിസ്ഥിതി നാശത്തിന് ഇടയാക്കുകയും ചെയ്യുമെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ ഡിഎല്‍എഫ് എന്ന ഭീമന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി നിര്‍മിച്ചിരിക്കുന്ന ബഹുനില ഫഌറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ നിര്‍ദേശത്തെ വെല്ലുവിളിച്ച് കേരള ഹൈക്കോടതിയില്‍ നിന്ന്, പൊളിച്ചുനീക്കലിനു പകരം  നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന, തങ്ങള്‍ക്ക് അങ്ങേയറ്റം സഹായകവും ഉദാരവുമായൊരു വിധിയാണല്ലോ ഡിഎല്‍എഫ് നേടിയെടുത്തത്.
നിയമവിരുദ്ധവും മുന്‍കൂര്‍ അനുമതിയില്ലാതെയുമാണ് ഒന്നര ഏക്കറോളം പുഴ നികത്തി ഫഌറ്റ് സമുച്ചയം നിര്‍മിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുക. ഇതിനുള്ള പ്രതിവിധിയോ പരിസ്ഥിതിനാശത്തിനു പകരമുള്ള നഷ്ടപരിഹാരമോ ആയ നടപടിയായിട്ടല്ല ഹൈക്കോടതിയുടെ വിധിയെ വിലയിരുത്തേണ്ടത്. നിയമലംഘനത്തിനുള്ള അംഗീകാരമാണിത്. ഇതിലേറെ രസകരമായ കാര്യം കോടതി തങ്ങളുടെ ഈ വിധിപ്രസ്താവത്തിനു നിരത്തുന്ന കാരണങ്ങളാണ്. ഒന്ന്: പൊളിച്ചുനീക്കപ്പെടുന്ന കെട്ടിടാവശിഷ്ടങ്ങള്‍ എന്തു ചെയ്യും? അതെല്ലാം എവിടെ കൊണ്ടുപോയി തള്ളും? രണ്ട്: ഫഌറ്റിനായി പണം മുടക്കിയവര്‍ എന്തു ചെയ്യും? അവരെ ആരാണ് സംരക്ഷിക്കുക?
ഈ വിചിത്രമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാധ്യസ്ഥമായ കോടതി തന്നെ! നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനു പകരം 'ഇംപ്ലോഷന്‍' എന്ന പേരിലുള്ള സാങ്കേതികവിദ്യാ പ്രയോഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ കഴിയും. കെട്ടിപ്പൊക്കിയ നിര്‍മിതികള്‍ ഭൂമിക്കടിയിലേക്കു തന്നെ അതേപടി താഴ്ത്തിക്കളയാനുള്ള സാങ്കേതിക മാര്‍ഗങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇതേപ്പറ്റിയൊന്നും ബഹുമാനപ്പെട്ട കോടതിക്ക് ഒരുപക്ഷേ അറിവുണ്ടാവില്ല.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി യാതൊരുവിധ മാറ്റവുമില്ലാതെ സുപ്രിംകോടതിയും ശരിവച്ചിരിക്കുകയാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരദേശ പരിപാലന നിയമവ്യവസ്ഥകള്‍ ലംഘിച്ചതിനെതിരേ കൃത്യമായി ഇടപെടല്‍ നടത്താത്തതിന്റെ പേരില്‍ അതോറിറ്റിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കുറ്റപ്പെടുത്തലിനെപ്പറ്റിയും അതിലേക്കു നയിച്ച അതോറിറ്റിയുടെ വീഴ്ചകളെപ്പറ്റിയും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നതാണ് നിലവിലുള്ള സ്ഥിതിയില്‍ പ്രസക്തമായ കാര്യം.
കേരള ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കേസുമായി ചെന്നപ്പോള്‍ മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെന്നു കരുതുന്നവര്‍ ഏറെയുണ്ട്. ഏതായാലും അക്കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഡിഎല്‍എഫിനെ പോലൊരു വന്‍തോക്ക് നിയമലംഘന കുരുക്കില്‍ നിന്നു രക്ഷപ്പെട്ടിരിക്കുന്നതിനാലും ഈ വിഷയത്തില്‍ ഒരു റിവ്യൂ ഹരജിക്ക് സാധ്യത ഇല്ലാത്തതിനാലും തോമസ് ചാണ്ടിമാരും അന്‍വര്‍മാരും ഒന്നൊന്നായി രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ടെന്ന സാഹചര്യമാണ് ആശങ്കയ്ക്ക് ഇടവരുത്തുന്നത്.
സുപ്രിംകോടതി തീരദേശ പരിപാലന അതോറിറ്റിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാരിന് ഇതുപോലൊരു നിയമം നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ അലംഭാവവും നിഷ്‌ക്രിയത്വവും കൂടുതല്‍ പ്രസക്തമാവുന്നത്. ഹരിത ട്രൈബ്യൂണലുകള്‍ക്ക് ദയാവധം നല്‍കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനം തന്നെ തുടക്കം മുതല്‍ ഇതിനു കാരണമാക്കിയിരുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതത്തോടൊപ്പം എന്‍ജിടി മുക്ത വികസനവും നടപ്പാക്കാന്‍ 2014ല്‍ അധികാരത്തില്‍ വന്ന ഉടനെ മോദിയും കൂട്ടരും തീരുമാനിച്ചുകഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ആവശ്യമായ കോടികള്‍ സംഭാവന നല്‍കിയ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങളാണ് ഇതുവഴി സംരക്ഷിക്കപ്പെട്ടുവരുന്നത്.                                           ി

(അവസാനിച്ചു)
Next Story

RELATED STORIES

Share it