വിരമിക്കുന്ന പ്രിന്‍സിപ്പലിന് എസ്എഫ്‌ഐയുടെ ആദരാഞ്ജലി

കാഞ്ഞങ്ങാട്/തിരുവനന്തപുരം: പാലക്കാട് വിക്‌ടോറിയ കോളജിന് പിന്നാലെ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്എഫ്‌ഐയുടെ കാടത്തം. പ്രിന്‍സിപ്പലിന്റെ യാത്രയയപ്പ് ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പടക്കം പൊട്ടിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഘോഷിച്ചത് വിവാദമായി.
കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലായ പി വി പുഷ്പജയുടെ വിരമിക്കല്‍ ആഘോഷമാക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ക്ക് സമ്മേളനം നടത്താന്‍ കോളജിന്റെ എസി ഹാള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലുമായി കടുത്ത ശത്രുതയിലായിരുന്നു എസ്എഫ്‌ഐ വിദ്യാര്‍ഥി യൂനിയന്‍. പി വി പുഷ്പജയ്ക്ക് വിരമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് യാത്രയയപ്പ് പരിപാടി ഒരുക്കിയത്. എന്നാല്‍ ഇതിനിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. വിദ്യാര്‍ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പണം പിരിച്ച് മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്തു. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന പ്രഫ. ടി എന്‍ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിര്‍മിച്ച് എസ്എഫ്‌ഐയുടെ കാടത്തം വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും നടന്നത്. പതിവായി ക്ലാസില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ പുഷ്പജയെ ഉപരോധിച്ചു കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. എസ്എഫ്‌ഐയുടെ ഭീഷണിക്കെതിരേ പ്രിന്‍സിപ്പല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തതാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ സംഭവം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ എസ്എഫ്‌ഐ നേതൃത്വം സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞൊഴിഞ്ഞുമാറുകയാണ്.
അതേസമയം, എസ്എഫ് ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം ഗുരുനിന്ദ നടത്തുന്ന വിദ്യാര്‍ഥി നേതാക്കളെ തെറ്റ് തിരുത്തി ശരിയായ മാര്‍ഗത്തില്‍ നയിക്കാ ന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാവണമെ ന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it