വിരമിക്കാനുള്ള സമയം: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നീണ്ട 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച തനിക്കിനി വിരമിക്കലിന്റെ സമയമായെന്നാണ് ഇന്നലെ സോണിയാ ഗാന്ധി വ്യക്തമാക്കിയത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ  അഭിമുഖത്തിലാണ് സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കല്‍ സൂചന നല്‍കിയത്. രാഹുലിന്റെ സ്ഥാനാരോഹണത്തിനു ശേഷം എന്താണ് പദ്ധതിയെന്ന ചോദ്യത്തോടായിരുന്നു സോണിയയുടെ ഈ പ്രതികരണം. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ഗാന്ധി പ്രാപ്തനാണെന്നു സോണിയ വ്യക്തമാക്കി. സോണിയ രാഷ്ട്രീയരംഗത്തു നിന്നു മാറിനില്‍ക്കുന്നുവെന്ന വാര്‍ത്ത പടര്‍ന്നതോടെ രാഷ്ട്രീയത്തില്‍നിന്നു സോണിയ വിരമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാഹുലിനു വഴിമാറിക്കൊടുക്കുക മാത്രമാണ് സോണിയ ചെയ്യുന്നത്. അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും മാര്‍ഗനിര്‍ദേശങ്ങളുമായി പാര്‍ട്ടിയില്‍ തുടരും. സോണിയയുടെ വാക്കുകളില്‍ മറ്റൊരര്‍ഥം കണ്ടെത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഭര്‍ത്താവ് രാജീവ്ഗാന്ധി കൊല്ലപ്പെട്ട് ഏഴു വര്‍ഷത്തിനു ശേഷം 1998ലാണ് സോണിയ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. തുടര്‍ന്ന്, 20 വര്‍ഷത്തോളം സ്ഥാനത്തു തുടര്‍ന്ന സോണിയ, കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവിയിലിരുന്ന വ്യക്തിയാണ്. അനാരോഗ്യം മൂലം കഴിഞ്ഞ ഏതാനും വര്‍ഷമായി പാര്‍ട്ടിയുടെ പ്രധാന യോഗങ്ങളിലും പരിപാടികളിലും മാത്രമാണ് സോണിയ പങ്കെടുക്കാറുള്ളത്. അതേസമയം, ഇന്നു രാവിലെ 11ന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷനായി സ്ഥാനമേല്‍ക്കും. 10.30ഓടെ തുടങ്ങുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ അധ്യക്ഷത വഹിക്കും. സോണിയയുടെ അധ്യക്ഷപ്രസംഗത്തിനു ശേഷം രാഹുല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയക്ക് കൈമാറും. ശേഷം സ്ഥാനമേല്‍ക്കുന്ന രാഹുല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ അഭിസംബോധന ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി തിരഞ്ഞെടുത്തുള്ള സര്‍ട്ടിഫിക്കറ്റ് രാഹുലിനു കൈമാറും. സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ 17ാമത്തെ അധ്യക്ഷനാണ് രാഹുല്‍. ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറയിലേക്ക് അധികാരം കൈമാറുന്നത് വന്‍ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുന്ന എഐസിസി പ്ലീനത്തോടെ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാവും.
Next Story

RELATED STORIES

Share it