വിരട്ടല്‍ യുഡിഎഫിനോട് വേണ്ടെന്നു സുധീരന്‍

തിരുവനന്തപുരം: ബാര്‍ ഉടമകളുടെ വിരട്ടല്‍ യുഡിഎഫിനോട് വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. തെറ്റായ പ്രചാരണം നടത്തി സര്‍ക്കാരിനെ ദുര്‍ബലമാക്കാനാണ് ശ്രമമെങ്കില്‍ നടക്കില്ല. പാവപ്പെട്ടവര്‍ക്ക് മദ്യപിക്കാനുള്ള അവസരമുണ്ടാക്കി പണമുണ്ടാക്കുന്ന ബാര്‍ ഉടമകള്‍ക്ക് സ്വാഭാവികമായും നിരാശയുണ്ടാകും. ജനങ്ങള്‍ അംഗീകരിച്ച ഈ നയത്തിനെതിരേ ആരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായാലും തടയുമെന്ന് അദ്ദേഹം അറിയിച്ചു.
ചരിത്രപ്രധാനമായ തീരുമാനമാണ് സുപ്രിംകോടതി വിധി. സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിനു കിട്ടിയ വലിയ അംഗീകാരമാണിത്. നാടിനെ സ്‌നേഹിക്കുന്ന, ജനതാല്‍പര്യമുള്ള എല്ലാവരും അത് സ്വീകരിക്കും. സര്‍ക്കാരിന്റെ മദ്യനയം സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഇടവരുത്തി. മദ്യത്തിന്റെ ഉപയോഗത്തില്‍ നിര്‍ണായകമായ കുറവുവന്നു. 2014 ഏപ്രില്‍ മുതല്‍ 2015 സപ്തംബര്‍ വരെ 5.37 കോടി ലിറ്ററിന്റെ കുറവ് വിദേശമദ്യത്തിന്റെ ഉപയോഗത്തില്‍ ഉണ്ടായത് വലിയ നേട്ടമാണ്.
ഗാര്‍ഹിക പീഡനത്തിലും മദ്യപാനം മൂലമുള്ള അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും കുറവുണ്ടായി. സാമൂഹികാന്തരീക്ഷം മെച്ചപ്പെട്ടു. നിരോധനം പ്രായോഗികമല്ലെന്ന വാദങ്ങള്‍ പലരും ഉന്നയിച്ചെങ്കിലും അങ്ങനെയല്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചു. നയം രൂപീകരിച്ച സര്‍ക്കാരിന് അതു നടപ്പാക്കാനുള്ള അവകാശവുമുണ്ട്. ഇതൊരു കൂട്ടായ തീരുമാനത്തിന്റെ വിജയമാണ്; അംഗീകാരമാണ്- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it