Kottayam Local

വിരഗുളിക തലമുറയുടെ ആരോഗ്യത്തിന് വേണ്ടി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ദേശീയ വിരവിമുക്തി ദിനത്തില്‍ വിരക്കെതിരേ ഗുളിക കഴിക്കുന്നത് ഒരു തലമുറയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂളില്‍ സിനിമ ബാലതാരം മീനാക്ഷി അനൂപിന് ഗുളിക നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠനം, ഏകാഗ്രത, ഹാജര്‍ എന്നിവ മാത്രമല്ല അവരുടെ ഭാവിയിലെ ഉപജീവന സാധ്യതയ്ക്കും ഈ ഗുളിക കഴിക്കുന്നത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു.  നഗരസഭാധ്യക്ഷ ഡോ.പി ആര്‍ സോന സന്ദേശം നല്‍കി. ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. മനോജ് കറുകയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ കെ അരവിന്ദാക്ഷന്‍, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെറ്റേനിറ്റ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ കെ ശ്രീലേഖ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ജില്ലാ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി മീഡിയ ഓഫിസര്‍ എസ് ശ്രീകുമാര്‍ സംസാരിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ വിരഗുളിക കഴിക്കാന്‍ സാധിക്കാതെ വന്ന കുട്ടികള്‍ക്ക് 15ന് ഗുളിക നല്‍കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ 4.36 ലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും.എല്ലാ സ്‌കൂളുകളും അങ്കണവാടികളും വഴി ഒന്നു മുതല്‍ 19 വരെ വയസ്സുള്ള കുട്ടികള്‍ക്കാണ് വിരക്കെതിരേ ഗുളിക നല്‍കുക. ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണു ഗുളിക കഴിക്കേണ്ടത്. സാധാരണ വിരയിളക്കുന്നതിന് നല്‍കി വരുന്ന ആല്‍ബന്‍ഡസോള്‍ എന്ന ഗുളികയാണ് ഇതിന് ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it