വിയ്യൂരില്‍ സുരക്ഷയ്ക്കു 'ശ്വാനപ്പട '

കെ പി ഒ റഹ്മത്തുല്ല
തൃശൂര്‍: മനുഷ്യന്‍ പരാജയപ്പെട്ടിടത്ത് നായ്ക്കള്‍ വിജയിക്കാറുണ്ട്. ഇത്തരമൊരു പരീക്ഷണത്തിനാണ് ഒടുവില്‍ സംസ്ഥാന ജയില്‍ വകുപ്പ് ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലെ സുരക്ഷയിലെ പ്രധാന കണ്ണികളായി ശ്വാനപ്പടയെ വിന്യസിക്കാനാണ് മൂന്നു മാസം മുമ്പു തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കാക്കാനായി നാലംഗങ്ങളുള്ള നായ സംഘം ഇന്നലെ തൃശൂരിലെത്തി. ഇനി ഇവര്‍ സദാ ജയിലില്‍ റോന്തു ചുറ്റും. നിയമവിരുദ്ധ സാധനങ്ങള്‍ അകത്തു കടത്തുന്നതു തടയും. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെപ്പറ്റി ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കും. അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് ഇന്നലെ വിയ്യൂര്‍ ജയിലിലെത്തിയത്. ലോക ശ്വാന ചാംപ്യനായ ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍ പെടുന്ന റമോയുടെ തലമുറയില്‍പ്പെട്ട 80 ദിവസം പ്രായമുള്ള സ്‌നേപ്പി, മിന്‍മയ, മോണി, ബെല്ല എന്നിവയെയാണ് ജയിലിന്റെ സുരക്ഷാ ചുമതല ഏല്‍പ്പിക്കാന്‍ കൊണ്ടുവന്നിരിക്കുന്നത്. തടവുകാര്‍ ഏറ്റുമുട്ടി മരിക്കാറുള്ളതും മൊബൈല്‍, ലഹരി പദാര്‍ഥങ്ങള്‍ എന്നിങ്ങനെ നിയമവിരുദ്ധ സാധനങ്ങള്‍ കൈവശം വയ്ക്കുന്ന പ്രതികളുമുള്ള വിയ്യൂര്‍ ജയിലില്‍ ശ്വാനപ്പട വന്നതോടെ ഇനി എല്ലാം ഭദ്രമാവുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മനുഷ്യരെ പോലെ നായ്ക്കള്‍ തിരിമറി കാണിക്കില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്. കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ശ്വാനപ്പടയെ കൊണ്ടുവന്നിരിക്കുന്നത്. ഇവയുടെ ദേഹത്ത് മൈക്രോചിപ്പ് ഘടിപ്പിക്കുന്നുണ്ട്. രണ്ട് ജയില്‍ ജീവനക്കാര്‍ക്കാണ് ശ്വാനപ്പടയുടെ ചുമതല. നായ്ക്കളെ പാര്‍പ്പിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ക്വാര്‍ട്ടേഴ്‌സാണ് ഒരുക്കിയിരിക്കുന്നത്. ടി പി കൊലക്കേസ്, ചന്ദ്രബോസ് കൊലക്കേസ്, ബാംഗ്ലൂര്‍ സ്‌ഫോടന കേസ് എന്നിങ്ങനെ അതീവ പ്രാധാന്യമുള്ള കേസുകളിലെ പ്രതികളെയെല്ലാം വിയ്യൂരിലാണു താമസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഈ ജയിലിലെ സുരക്ഷ ഏറെ പ്രധാനമാണ്. ജയില്‍ വകുപ്പ് മേധാവി ലോകനാഥ് ബെഹ്‌റ, ജയില്‍ ഡിഐജി കെ രാധാകൃഷ്ണന്‍, തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമണ്‍, റൂറല്‍ എസ്പി എ കാര്‍ത്തിക്, എറണാകുളം ജയില്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍, വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് ടി ബാബുരാജ് എന്നിവരെല്ലാം ശ്വാനപ്പടയെ സ്വീകരിക്കാനെത്തിയിരുന്നു. ജയിലില്‍ പൊതുപരിപാടിയും സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it