വിയോജിപ്പുള്ളവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു: പ്രകാശ് അംബേദ്കര്‍

ആലപ്പുഴ: ആശയപരമായി വിയോജിപ്പുള്ളവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ് കേന്ദ്രസര്‍ക്കാരെന്ന് ഡോ. ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന പിഡിപി സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വൈജ്ഞാനിക കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും സാമൂഹിക, സാംസ്‌കാരിക പുരോഗതി ലക്ഷ്യം വയ്ക്കുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യം വലിയൊരു സ്വത്വ രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതേ സ്വത്വ രാഷ്ട്രീയം തേടിപ്പോവേണ്ട ഗതികേടിലാണ് രാജ്യത്തെ ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍. ഈ യാഥാര്‍ഥ്യം ഇടതുപക്ഷ കക്ഷികള്‍ അടക്കമുള്ളവര്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബംഗളൂരുവില്‍ കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സന്ദേശം വായിച്ചു.
ഓട്ടോ ഡ്രൈവര്‍ നൗഷാദ് നഗറില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. മുട്ടം നാസര്‍ അധ്യക്ഷത വഹിച്ചു. പൂന്തുറ സിറാജ്, സുബൈര്‍ സബാഹി, വി പ്രഭാകരന്‍, രോഹിത് വെമുലയുടെ സുഹൃത്ത് ശംഖുണ്ണ വെമുല, സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്തകുമാരി, കോഴിക്കോട് നൗഷാദിന്റെ ഉമ്മ അസ്മാബീവി, നടന്‍ സലീംകുമാര്‍, മാധ്യമം മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, സംവിധായകന്‍ ഡോ. ബിജു, അഡ്വ. വിദ്യാസാഗര്‍, ബിഷപ് ജോണ്‍ തുണ്ടുകുളം, നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്ര ബാബു, നാസറുദ്ദീന്‍ എളമരം പങ്കെടുത്തു.
Next Story

RELATED STORIES

Share it