വിമുക്ത ഭടന്മാര്‍ വീണ്ടും സമരം ശക്തമാക്കി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: വിമുക്ത ഭടന്മാരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം യുക്തിക്ക് നിരക്കാത്തതാണെന്ന് ആരോപിച്ച് വിമുക്ത ഭടന്മാര്‍ വീണ്ടും സമരം ശക്തമാക്കി. ഡ ല്‍ഹിയിലെ ജന്തര്‍ മന്തറിലുള്ള സമരപ്പന്തലില്‍ സൈനിക മെഡലുകളും മറ്റ് അംഗീകാരങ്ങളും അഗ്നിക്കിരയാക്കി പ്രതിഷേധിക്കാനുള്ള ചില സൈനികരുടെ നീക്കം കൂടെയുള്ളവര്‍ തടഞ്ഞു. മെഡലുകളും അംഗീകാര പത്രങ്ങളും കത്തിക്കാനായി സമരപ്പന്തലിന് സമീപം തീകൂട്ടിയെങ്കിലും കത്തിക്കാനുള്ള നീക്കം സമര നേതാക്കള്‍ ഇടപെട്ട് ബലമായി തടയുകയായിരുന്നു. പിന്നീട്, മെഡലുകള്‍ തിരിച്ചേല്‍പിക്കാനായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ 50ഓളം വരുന്ന വിമുക്ത ഭടന്മാരെ റെയില്‍ ഭവന് സമീപം പോലിസ് തടഞ്ഞു.
ദീപാവലി ദിനമായ ഇന്നലെ സൈനികരുടെ വിധവവകളും മക്കളും കുടുംബത്തിലെ കൊച്ചു കുട്ടികളുമടക്കം നിരവധി പേരാണ് ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ എത്തിയിരുന്നത്.
40 വര്‍ഷം നീണ്ട സമരത്തിനൊടുവിലാണ് വിമുക്ത ഭടന്മാരുടെ ഒരു റാങ്കിന് ഒരു പെന്‍ഷന്‍ എന്ന ആവശ്യം ഭാഗികമായി അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം ഈയിടെ കേന്ദ്ര സ ര്‍ക്കാര്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് വീണ്ടും സമരം ആരംഭിച്ചത്. ചൊവ്വാഴ്ച ഡ ല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലുള്ള രണ്ടായിരത്തോളം വരുന്ന മെഡലുകള്‍ തിരിച്ചു നല്‍കിയാണ് രണ്ടാംഘട്ട സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്നലത്തെ ദീപാവലി തങ്ങള്‍ക്ക് കറുത്ത ദീപാവലിയാണെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തേ പ്രഖ്യാപിച്ചിരുന്ന പദ്ധതി തന്നെ ഏതാണ്ട് പൂര്‍ണമായും വിമുക്തഭടന്മാര്‍ തള്ളിയിരുന്നു. എന്നാല്‍, അതില്‍നിന്ന് കാര്യമായ വ്യത്യാസമില്ലാതെ തന്നെ വിജ്ഞാപനമിറക്കിയതാണ് വിമുക്തഭടന്മാരെ സമരം ശക്തമാക്കാന്‍ നിര്‍ബന്ധിതരാക്കിയത്. പെന്‍ഷന്‍ തുക ഓരോ വര്‍ഷം പരിഷ്‌കരിക്കുകയുള്‍പ്പെടെ ഏഴു മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതെല്ലാം പരിഗണിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചിരുന്നത്. എന്നാല്‍, ഇതില്‍ നിന്ന് സര്‍ക്കാര്‍ നിലപാട് മാറ്റിയതോടെയാണ് ഭടന്മാര്‍ വീണ്ടും സമരം ആരംഭിച്ചത്. രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്ന വിമുക്ത ഭടന്മാര്‍ 15ന് ഹരിയാനയിലെ അംബാലയില്‍ റാലി നടത്തും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്റെ ഏറ്റവും വലിയ നേട്ടമാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. മെഡലുകള്‍ തിരിച്ചു നല്‍കിയ സംഭവം തന്നെ വേദനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it