Kollam Local

വിമുക്ത ഭടനെ പോലിസ് മര്‍ദിച്ചതായി പരാതി

പത്തനാപുരം:വിമുക്തഭടനെ പോലിസ് അകാരണമായി മര്‍ദിച്ചതായി പരാതി. വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നശിപ്പിച്ചതായും ആക്ഷേപം. സൈന്യത്തില്‍ നായിക് സുബൈദാര്‍ ആയിരുന്ന പുന്നല ചാച്ചിപ്പുന്ന നായിന്‍കരിമ്പില്‍ ജിന്ന സാഹിബെന്ന ഷിബുവിനാണ് പത്തനാപുരം പോലിസില്‍ നിന്ന് ദുരനുഭവമുണ്ടായത്.
ഷിബുവിന്റെ ഭാര്യാപിതാവും സഹോദരിയും തമ്മിലുണ്ടായ കേസില്‍ അന്വേഷണത്തിനായി വന്ന പോലിസ് സംഘം സംഭവത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ സൈന്യത്തില്‍ നിന്നും വിരമിച്ച അടുത്ത ദിവസങ്ങളില്‍ നാട്ടിലെത്തിയ തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞു. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന ജോസഫ് എന്ന എസ് ഐ ഈ മറുപടിയില്‍ തൃപ്തനാകാതെ ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വച്ച് അസഭ്യം പറയുകയായിരുന്നു.
പരാതിയുമായി ഒരുബന്ധവുമില്ലാത്ത തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഫോണ്‍ വേണമെങ്കില്‍ സ്‌റ്റേഷനില്‍ വന്ന് വാങ്ങൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രണ്ട് തവണ ചെന്നിട്ടും ഫോണ്‍ നല്‍കുകയുണ്ടായില്ല. കഴിഞ്ഞ ദിവസം എത്തിയപ്പോള്‍ നശിപ്പിച്ച നിലയിലാണ് ഫോണ്‍ തിരികെ നല്‍കിയത്.
സൈനിക സേവനത്തില്‍ നിന്നും വിരമിച്ച രേഖകളുള്‍പ്പടെ സൂക്ഷിച്ചിരുന്ന വിലകൂടിയ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ നശിപ്പിച്ചതിനാല്‍ വാങ്ങാന്‍ തയാറായില്ലെന്നും ഷിബു പറയുന്നു. തനിക്കെതിരായി നടന്ന അതിക്രമത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപി ഉള്‍പ്പടെയുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഈ വിമുക്ത ഭടന്‍.
Next Story

RELATED STORIES

Share it