thrissur local

വിമുക്തി വഴി മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനം



തൃശൂര്‍: വിമുക്തിയ്ക്ക് കീഴില്‍ ജില്ലയില്‍ വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉല്‍പാദന വിതരണത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റിയില്‍ തീരുമാനം. എ.ഡി.എം സി വി സജന്റെ അദ്ധ്യക്ഷതയി ല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. നാളിതുവരെ 354 അബ്കാരി കേസുകളിലും 145 എന്‍.ഡി.പി.എസ് കേസുകളിലുമായി 388 പേരെ അറസ്റ്റ് ചെയ്തു.  ഓണാഘോഷത്തോടനുബന്ധിച്ച് കാര്യക്ഷമമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം നടത്തിയതിന്റെ ഫലമായി അബ്കാരി മേഖലയില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഈ കാലയളവില്‍ പോലിസ്, വനം, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്തിയതും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ കാരണമായി. ആര്‍.പി.എഫുമായി ചേര്‍ന്ന് തൃശൂര്‍ ഡിവിഷനിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടികളിലും സംയുക്ത റെയ്ഡുകള്‍ നടത്തി. ബിയര്‍/ വൈന്‍ പാര്‍ലറുകളില്‍ കാലാവധി കഴിഞ്ഞ ബിയര്‍ വില്‍ക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 175 പരിശോധനകള്‍ നടത്തി. 48 സാംപിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. പരിശോധന വേളയില്‍ കാലാവധി കഴിഞ്ഞ ബിയര്‍ വില്‍ക്കുന്നതായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളി കുട നിവര്‍ത്തി അടിയില്‍ ഷീറ്റ് വിരിച്ച് ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതായുളള പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതിന്റെ ഭാഗമായി ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും കുന്നംകുളം, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്നുമായി 5 പേര്‍ക്കെതിരെ കോട്പ പ്രകാരം കേസെടുത്തു. ചേര്‍പ്പ് റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഫോഴ്‌സമെന്റ് പ്രവര്‍ത്തനം നടത്തിയതിന്റെ ഭാഗമായി ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായി 10 എന്‍.ഡി.പി.എസ് കേസുകളും 112 കോട്പ കേസുകളും കണ്ടെത്തി. 112 കോട്പ കേസുകളിലായി 11300 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ തൊണ്ടിയായി പിടിച്ചെടുത്തു. ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിന് ശേഷം 115 ബോധവല്‍ക്കരണ പരിപാടികള്‍ സ്‌കൂളുകളിലും കോളജുകളിലും പൊതുസ്ഥലങ്ങളിലുമായി നടത്തി. കൂടാതെ 162 പഞ്ചായത്ത് തല ജനകീയ കമ്മിറ്റികളും 16 അസംബ്ലി തല ജനകീയ കമ്മിറ്റികളും നടത്തി. സ്‌കൂള്‍ പരിസരത്തെ പെട്ടിക്കടകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നീവ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തിയതിന്റെ ഭാഗമായി കോട്പ പ്രകാരം 968 കേസ് കഴിഞ്ഞ ജില്ലാതല ജനകീയ കമ്മിറ്റിയ്ക്കു ശേഷം കണ്ടെടുത്ത് പിഴയടപ്പിച്ചു. എക്‌സൈസ് കമ്മീഷണര്‍ ടി വി റാഫേല്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it