വിമുക്തഭടന്മാര്‍ പ്രക്ഷോഭം ശക്തമാക്കുന്നു

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ടി പ്രക്ഷോഭം നടത്തുന്ന വിമുക്തഭടന്മാര്‍ സമരം ശക്തമാക്കുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു വോട്ട് ചെയ്യില്ലെന്നും വിമുക്ത ഭടന്മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി. ജന്തര്‍മന്ദറില്‍ നടന്ന സൈനിക് അക്രോശ് റാലിയില്‍ സംസാരിക്കവേ സംഘടനയുടെ നേതാവ് മേജര്‍ ജനറല്‍ (റിട്ട) സത്ബീര്‍ സിങാണ് ഇക്കാര്യം അറിയിച്ചത്.
ഒരു റാങ്കിന് ഒരു പെന്‍ഷന്‍ വിജ്ഞാപനത്തിലെ അപാകത പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി വി കെ സിങിനെ മധ്യസ്ഥനായി ഉടന്‍ ചുമതലപ്പെടുത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. പദ്ധതിയില്‍ തങ്ങള്‍ നിര്‍ദേശിച്ച മാറ്റംവരുത്താന്‍ സര്‍ക്കാരിനു 15 ദിവസം അനുവദിക്കും. അതില്‍ പരാജയപ്പെട്ടാല്‍ ഏഴു ദിവസത്തെ നോട്ടിസ് നല്‍കി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിമുക്തഭടന്മാര്‍ വോട്ട് ചെയ്തതുകൊണ്ടാണ് ബിജെപിക്കു അധികാരത്തിലെത്താന്‍ സാധിച്ചതെന്ന് സംഘടന അവകാശപ്പെട്ടു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ വാഗ്ദാനം ചെയ്ത ബിജെപി അധികാരത്തിലേറിയ ശേഷം വിമുക്തഭടന്മാരെ വഞ്ചിക്കുകയായിരുന്നു. തങ്ങളുടെ ആവശ്യം അവഗണിച്ചാല്‍ ഡല്‍ഹിയിലെയും ബിഹാറിലെയും തിരിച്ചടി അടുത്ത തിരഞ്ഞെടുപ്പുകളിലും സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഭൂരിപക്ഷം വിമുക്തഭടന്മാര്‍ക്കും സമ്മതമാണെന്നും വളരെ ചുരുക്കംപേര്‍ മാത്രമേ എതിര്‍ത്തിട്ടുള്ളൂവെന്നുമുള്ള കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയെ അദ്ദേഹം വിമര്‍ശിച്ചു.
മന്ത്രി ഇവിടെ വന്ന് എത്ര പേര്‍ പദ്ധതിക്കു എതിരാണെന്നു നേരിട്ട് മനസ്സിലാക്കണം. 99.99 ശതമാനം പേര്‍ പദ്ധതിയെ എതിര്‍ക്കുന്നവരാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it