വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കില്ല: കേന്ദ്രം

ന്യൂഡല്‍ഹി: വിമാന യാത്രാനിരക്കിന് പരിധി നിശ്ചയിക്കാനാവില്ലെന്നും അത് വിമാനക്കമ്പനികള്‍ തമ്മിലുള്ള മല്‍സരത്തെ ബാധിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. വിമാനക്കമ്പനികള്‍ ഉല്‍സവ കാലത്തും അടിയന്തര ഘട്ടങ്ങളിലും ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനെതിരേ യാത്രക്കാര്‍ നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. വിമാന യാത്രാനിരക്കിന് പരിധി നിശ്ചയിക്കുന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ കഴിഞ്ഞമാസം പറയുകയും ചെയ്തിരുന്നു.
യാത്രാനിരക്കിന് പരിധി നിശ്ചയിക്കുന്നത് ആഭ്യന്തര വ്യോമയാനരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തിരിച്ചടിയാവും. ലാഭം കുറഞ്ഞ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കമ്പനികള്‍ തയ്യാറാവുകയില്ല. എന്നാല്‍ യാത്രക്കാരുടെ പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതടക്കമുള്ള സംവിധാനങ്ങള്‍ നടപ്പാക്കും. മന്ത്രി അറിയിച്ചു.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണനുഭവപ്പെടുന്നത്. ടിക്കറ്റുകള്‍ റദ്ദാക്കുന്ന സംവിധാനം പരിഷ്‌കരിക്കും. 3,000 കോടി ചിലവില്‍ രാജ്യത്ത് കുറഞ്ഞത് 32 വിമാനത്താവളങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ അവസരത്തില്‍ യാത്രാനിരക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പദ്ധതിയെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it