വിമാന യാത്രക്കൂലി വര്‍ധന നിയന്ത്രിക്കാന്‍ നടപടി

ന്യൂഡല്‍ഹി: വിമാന യാത്രക്കൂലിവര്‍ധന നിയന്ത്രിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യോമയാനമേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയനയം ഉടന്‍ കേന്ദ്രം പ്രഖ്യാപിക്കും. ഇപ്പോള്‍ 20 ശതമാനം വളര്‍ച്ചയുള്ള വ്യോമയാന മേഖലയെ ഉന്നതിയിലേക്കെത്തിക്കാന്‍ പര്യാപ്തമായിരിക്കും പുതിയ നയമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
രണ്ടാഴ്ചക്കുള്ളില്‍ നയം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2025 ആവുമ്പോഴേക്ക് ഇപ്പോള്‍ 9ാം സ്ഥാനത്തുള്ള ഇന്ത്യന്‍ വ്യോമയാന മേഖലയെ മൂന്നാം സ്ഥാനത്തെത്തിക്കും അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. 2016-17 വര്‍ഷത്തില്‍ നിലവിലുള്ള വിമാനത്താവളങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും പുതിയവ നിര്‍മിക്കുന്നതിനും വേണ്ടി 15,000 കോടി നീക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കുന്നതിന് വേണ്ടി വിമാനക്കമ്പനികളുമായി സമവായത്തിന് ശ്രമിക്കും.
ആഘോഷ അവസരങ്ങളിലും അവധിക്കാലത്തും 40 മുതല്‍ 50 ശതമാനം വരെയാണ് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാറുള്ളത്. വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിനു മുമ്പ് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് വ്യോമയാന ജനറല്‍ ഡയറക്ടറേറ്റ് മേധാവി എം സത്യവര്‍ത്തിയും അറിയിച്ചു.
Next Story

RELATED STORIES

Share it