വിമാനപകടം; രാജ്‌നാഥ് സിങിനോട് ചോദ്യങ്ങളുമായി ബന്ധുക്കള്‍

ന്യൂഡല്‍ഹി: വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടു. സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങളാണ് അവര്‍ മന്ത്രിയുടെ മുമ്പില്‍ നിരത്തിയത്.
എന്തിനാണ് ഇത്രയും പേരുടെ ജീവന് വില കല്‍പിക്കാതെ പഴയ വിമാനമുപയോഗിച്ചതെന്ന് അവര്‍ മന്തിയോട് ചോദിച്ചു.
അപകടത്തില്‍ മരിച്ചവരുടെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. എന്നാല്‍, വിമാനം യാത്രയ്ക്ക് സജ്ജമായതായിരുന്നെന്നും നല്ല രീതിയില്‍ പറന്നിരുന്നതായും അതിര്‍ത്തി രക്ഷാസേന (ബി എസ്എഫ്) മേധാവി ഡി കെ പഥക് പറഞ്ഞു.
അപകടത്തില്‍പെട്ട 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നെന്ന ആരോപണങ്ങളെ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷം പഴക്കമുള്ള വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.
എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുന്നതെന്നും വിഐപിമാര്‍ കൊല്ലപ്പെടാത്തതെന്നും അപകടത്തില്‍ മരിച്ച സബ് ഇന്‍സ്‌പെക്റ്റര്‍ രബീന്ദര്‍ കുമാറിന്റെ മകള്‍ ചോദിച്ചു.
സൈനികര്‍ ജോലിക്കിടെ ഇത്തരം അപകടങ്ങളില്‍ മരിക്കുന്ന പ്രശ്‌നം സംബന്ധിച്ച് മന്ത്രിയും ബിഎസ്എഫ് ഡയറക്ടറും മറുപടി നല്‍കണമെന്നും അവര്‍ പറഞ്ഞു. ബിഎസ്എഫിലെ ഉപകരണങ്ങള്‍ പുതുക്കുന്നത് ചുവപ്പുനാടയില്‍ പെട്ടിരിക്കയാണെന്ന് മറ്റൊരു സൈനികന്റെ ബന്ധു പറഞ്ഞു.
എന്നാല്‍, മൂന്നുനാലു ദിവസം ഒരു കുഴപ്പവുമില്ലാതെ പറന്നതാണ് അപകടത്തില്‍പെട്ട വിമാനമെന്ന് ഡി കെ പഥക് ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it