വിമാനത്തില്‍ പവര്‍ബാങ്കുകള്‍ കൊണ്ടുപോവുന്നതിന് കര്‍ശന നിയന്ത്രണം

നെടുമ്പാശ്ശേരി: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോവുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബിസിഎഎസ്) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ പവര്‍ബാങ്കുകള്‍ ചെക്-ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോവാന്‍ കഴിയില്ല. ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍.
പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളില്‍ കൊണ്ടുപോവുന്നതിനും ബിസിഎഎസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിലെ പല വിമാനത്താവളങ്ങളിലേയും സുരക്ഷാ വിഭാഗം സംശയാസ്പദമായ രീതിയില്‍ കടത്തിയ, പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാടന്‍ പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകള്‍ക്ക് പകരം സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ക്ക് ബിസിഎഎസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ്ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്. ചെക്-ഇന്‍ ബാഗേജില്‍ ഇവയും അനുവദനീയമല്ല.
നിര്‍ദേശം മറികടന്ന് ചെക്-ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അത് കണ്ടുകെട്ടും. യാത്രക്കാരെ തുടര്‍ പരിശോധനകള്‍ക്കായി വിളിപ്പിക്കുകയും ചെയ്യും. വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും ഇത്തരം പവര്‍ബാങ്കുകള്‍ അയക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ബാങ്കുകളില്‍ നിശ്ചിത സംഭരണ ശേഷി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സെല്ലുകള്‍ക്ക് പുറമേ, കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികള്‍ ഉപയോഗിക്കുന്നു. മംഗളൂരു വിമാനത്താവളത്തിലെ ഒരു യാത്രക്കാരനില്‍ നിന്ന് ഇത്തരത്തില്‍ മാറ്റം വരുത്തിയ പവര്‍ബാങ്ക് പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിഎഎസിന്റെ നിര്‍ദേശം വന്നിട്ടുള്ളത്. യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it