വിമാനത്തിലേക്ക് ലേസര്‍ പ്രയോഗം; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റിപോര്‍ട്ട് തേടി

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ദുബയിലേക്ക് പറന്നുയര്‍ന്ന  വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസര്‍ രശ്മി പതിച്ച സംഭവത്തില്‍ ബിസിഎഎസ്(ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി) റിപോര്‍ട്ട് ആവശ്യപ്പെട്ടു. കരിപ്പൂരില്‍ നിന്ന് ബുധനാഴ്ച രാത്രി 10.35ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്-343 വിമാനത്തിന്റെ കോക്പിറ്റിലേക്കാണ് ഏഴ് എയര്‍ നോട്ടിക്കല്‍ മൈല്‍ ഉയരത്തില്‍ പടിഞ്ഞാറുഭാഗത്തുവച്ച് ലേസര്‍ പതിച്ചത്.
പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ നിന്നാണെന്ന് കണ്ടെത്തിയെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും സ്‌പെഷ്യല്‍ ബ്രാഞ്ചും പ്രദേശങ്ങളില്‍ അന്വേഷണം നടത്തി. വിമാനത്തിനു നേരെ നടന്നത് അതീവ ഗുരുതരമായ സംഭവമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
വിമാനത്തിലേക്ക് ലേസര്‍ രശ്മികള്‍ പതിച്ചാല്‍ പൈലറ്റിന്റെ കാഴ്ച തകരാറിലായി വിമാനം അപകടത്തില്‍പ്പെടാന്‍ കാരണമാവും. ലേസര്‍ രശ്മികളെ പിന്തുടര്‍ന്ന് ആയുധപ്രയോഗമടക്കം കൃത്യസ്ഥാനത്ത് എത്തിക്കാനാവും. 16,000 അടി ഉയരത്തില്‍ വരെ ലേസര്‍ പ്രയോഗിക്കാനാവും. രാത്രികാലങ്ങളില്‍ കാണാതാവുന്ന വള്ളങ്ങളെ കരയ്‌ക്കെത്തിക്കാന്‍ ഇത്തരം ലേസറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം പ്രാഥമിക അന്വേഷണ റിപോര്‍ട്ട് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ കേന്ദ്രത്തിനു കൈമാറി. പ്രശ്‌നത്തിന്റെ നിജസ്ഥിതി തേടിയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it