thiruvananthapuram local

വിമാനത്താവള വികസനം : സ്ഥലം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു



തിരുവനന്തപുരം: വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കാനെത്തിയ റവന്യൂ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനാണ് ഇന്നലെ രാവിലെ പത്തോടെ സബ് കലക്ടര്‍ വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വള്ളക്കടവ് വയ്യാമൂലയില്‍ എത്തിയത്. സ്ഥലം അളക്കാന്‍ റവന്യൂ അധികൃതര്‍ എത്തുമെന്നറിഞ്ഞതോടെ രാവിലെ പ്രതിഷേധവുമായി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. എതിര്‍പ്പ് ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് റവന്യൂ അധികൃതര്‍ പോലിസിന്റെ സഹായത്തോടെയാണ് എത്തിയത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സംഘം തിരിച്ചുപോയി.മുട്ടത്തറ, പേട്ട വില്ലേജില്‍നിന്ന് ആദ്യഘട്ടത്തില്‍ 18.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. വിമാനത്താവള വികസനത്തിന്റെ പേരില്‍ അഞ്ചു തവണയായി നിരവധി ഏക്കര്‍ സ്ഥലം പലതവണയായി വിട്ട് നല്‍കിയവരാണ് തങ്ങളെന്നും അന്ന് സ്ഥലം വിട്ടുനല്‍കിയവര്‍ ഇന്നും കുടിയൊഴിപ്പിക്കപ്പെട്ട് വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണെന്നും ഇനി ഒരുതരി മണ്ണു പോലും വിട്ടുകൊടുക്കില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.വിമാനത്താവളത്തിന്റെ രണ്ടാം ഘട്ടവികസനത്തിന് വയ്യാമൂലയില്‍നിന്നു മാത്രം സ്ഥലമെടുക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത് പിന്നീട് ജനവാസ മേഖലയായ വള്ളക്കടവ് ബംഗ്ലാദേശ് കോളനിയെയും സ്ഥലമെടുക്കുന്നതിന്റെ ഭാഗമായ സര്‍വേയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. നിലവിലെ റണ്‍വേയുടെ അവസാനഭാഗത്തായി സര്‍ക്കാര്‍ വക സ്ഥലം കിടപ്പുണ്ട്. ഇത് വിമാനത്താവളത്തിന്റെ വികസനത്തിനായി വിട്ടുകൊടുക്കാന്‍ നേരത്തേ തീരുമാനമായിരുന്നു. ഇതിനൊപ്പം സമീപസ്ഥലം കൂടി കൈക്കലാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രഹസ്യതീരുമാനം. ഈ സ്ഥലത്ത് 50ഓളം കുടുംബങ്ങളാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം അളക്കാന്‍ എത്തിയ റവന്യൂ സംഘത്തെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് റവന്യൂ സംഘം അന്നും മടങ്ങിപ്പോയിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. മുഖ!്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കുകയും സാമൂഹിക ആഘാതപഠനം നടത്തിയശേഷം മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പു നല്‍കിയിരുന്നു.ഈ ഉറപ്പ് നാട്ടുകാര്‍ വിശ്വസിച്ചിരിക്കുന്നതിനിടെയാണ് ഇന്നലെ റവന്യൂ സംഘം സ്ഥലം ഏറ്റെടുക്കാന്‍ എത്തിയത്. ഇതോടെയാണ് നാട്ടുകാര്‍  പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Next Story

RELATED STORIES

Share it