ernakulam local

വിമാനത്താവള റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു



അങ്കമാലി: വേങ്ങൂര്‍ നായത്തോട് വിമാനത്താവള റോഡിന്റെ പണികള്‍ തീര്‍ത്ത് ശോച്യാവസ്ഥ മാറ്റാത്തതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് രൂപം കൊണ്ട സമിതിയാണ് റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്തുവരുന്നത്. നെടുമ്പാശേരി വിമാനത്താവളം നിര്‍മാണം ആരംഭിച്ച കാലം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ഈ റോഡിന്റെ വികസനം . വടക്കന്‍ കേരളത്തില്‍ നിന്ന് വിമാന ത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. അത്താണി എയര്‍പോര്‍ട്ട് റോഡിലൂടെ പോകുന്നതിലും ആറു കിലോമീറ്റര്‍ ലാഭിക്കാന്‍ ഇതു വഴിയാകും. വടക്കന്‍ കേരളത്തില്‍ നിന്നും വരുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നു പോകുന്നത്. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഈ റോഡും വികസിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. വിമാനത്താവള കമ്പനി നോഡിന്റെ നിര്‍മാണം ഏറ്റെടുത്ത് നടത്തുമെന്നായിരുന്നു ഇവിടത്തുകാരുടെ വിശ്വാസവും. ദീര്‍ഘനാളത്തെ മുറവിളികള്‍ക്കു ശേഷം റോഡിനിരുവശവുള്ള പുറമ്പോക്കുകള്‍ അളന്നു തിട്ടപ്പെടുത്തി വളവുകള്‍ നിവര്‍ത്തി ഗതാഗതയോഗ്യമാക്കുന്നതിന് തീരുമാനമായി. എന്നാല്‍ റോഡിന്റെ അലെന്‍മെന്റ് നായത്തോട് സ്‌കൂള്‍ ജങ്ഷനിലൂടെ വേണമെന്ന പ്രാദേശികമായുയര്‍ന്ന ആവശ്യവും പ്രക്ഷോഭവും പദ്ധതി വൈകിക്കുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള പുറമ്പോക്ക് തിരിച്ചെടുക്കുകയും വളവുകള്‍ നിവര്‍ത്തുന്നതിനാവശ്യമായ സ്ഥലവും പണം നല്‍കി ഏറ്റെടുത്തു. പണം നല്‍കി സ്ഥലം ഏറ്റെടുത്തിട്ടും ആദ്യഘട്ടത്തിലെ പണികള്‍ തുടങ്ങുവാന്‍ മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. റോഡിനു വേണ്ടി പണം അനുവദിപ്പിച്ചതിന് നേതാക്കള്‍ക്ക് നന്ദി അര്‍പ്പിച്ചു കൊണ്ട് ഇരു മുന്നണികളും വര്‍ഷങ്ങളായി ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.എന്നാല്‍ റോഡ് നിര്‍മാണം മാത്രം എങ്ങുമെത്തിയില്ല.റോഡിന്റെ ആരംഭ സ്ഥലമായ വേങ്ങൂര്‍ സ്‌കൂള്‍ ജംഗ്ഷനില്‍ എം സി റോഡില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ വിരിച്ച് കുഴികള്‍ ഒഴിവാക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. പതിനെട്ട് ലക്ഷത്തോളം രൂപക്കാണ് കട്ടകള്‍ വിരിക്കുന്നതിന് തീരുമാനമായത്. എന്നാല്‍ തുക അപര്യാപ്തമാണെന്നും വര്‍ദ്ധന ആവശ്യപ്പെട്ടും കോണ്‍ട്രാക്ടര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നു പറഞ്ഞ് ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്.ഇതേക്കുറിച്ച് പി ഡബ്ലിയു ഉദ്യോഗസ്ഥരോടു ചോദിച്ചാല്‍ ഫയല്‍ കാണാനില്ലെന്നാണ് മറുപടി. ജോലി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ ഒഴിയുകയാണെന്ന് കാണിച്ച് കത്ത് നല്‍കിയാല്‍ ഇതേ തുകക്ക് പണികള്‍ പൂര്‍ത്തിയാക്കുവാന്‍ മറ്റു കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാണെന്നിരിക്കെ ഉന്നതങ്ങളില്‍ പിടിപാടുള്ള കോണ്‍ട്രാക്ടറെ പിണക്കാന്‍ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറാകുന്നില്ല.റോഡിന്റെ പ്രാരംഭ സ്ഥലത്ത് പുറമ്പോക്ക് സംബന്ധിച്ച് കേസ് ഉണ്ടെന്ന് പറഞ്ഞാണ് വര്‍ഷങ്ങളായി റോഡിന്റെ വികസനം തടസപ്പെട്ടിരിക്കുന്നത്. ഭൂമി ഏറ്റെടുത്ത ഒരു കിലോമീറ്ററില്‍ 300 മീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ആദ്യഘട്ട വികസനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുവശങ്ങളിലും കാനകള്‍ പണിത് വൈദ്യുതി, കുടിവെള്ള ലൈനുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. കേസ് ഉള്ള ഭാഗം ഒഴിവാക്കി പണികള്‍ തുടരാമെന്ന തീരുമാനം വന്നപ്പോഴേക്കും കാലവര്‍ഷമായി. റോഡിനടിയിലൂടെയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ മാറ്റിയിടുന്നതിനായി കുഴികള്‍ എടുത്തത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതു മൂലം റോഡിന്റെ ഇരുവശങ്ങളിലും തോടുകള്‍ രൂപാന്തരപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി. കുഴികളില്‍ വെള്ളം കെട്ടിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം താറുമാറായി. കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. കാല്‍നടയാത്ര പോലും ദുസഹമാണിവിടെ. അതിനിടെ അശാസ്ത്രീയമായ കാനനിര്‍മാണം മൂലം കഴിഞ്ഞ ദിവസം മതിലിടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.പുതുതായി പണി തീര്‍ത്ത മതിലിനോട് ചേര്‍ന്ന് കാനക്കു വേണ്ടി കുഴി താഴ്ത്തിയതിനെ തുടര്‍ന്നാണ് മതിലിടിഞ്ഞു വീണത്. കാനയുടെ നിര്‍മാണത്തിനു വേണ്ടി കുഴിച്ചെടുത്ത മണ്ണ് പണം വാങ്ങി വിറ്റതായി നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. അനുമോദന ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന രാഷ്ടീയ പാര്‍ട്ടികള്‍ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പ്രതികരിക്കാതെ പരസ്പരം പഴിചാരി ഒഴിഞ്ഞു മാറുകയാണ.്
Next Story

RELATED STORIES

Share it