Pravasi

വിമാനത്താവളത്തില്‍ ഇ ഗേറ്റുകള്‍ ഇരട്ടിയാക്കും



ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ ഗേറ്റുകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ യാത്രക്കാര്‍ ഇ ഗേറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെയാണ് തീരുമാനം. ഈ വര്‍ഷം ആദ്യ പാദത്തില്‍ 8,65,000 പേര്‍ ഇ ഗേറ്റ് ഉപയോഗിച്ചു. വര്‍ഷാവസാനത്തോടെ ഇ ഗേറ്റ് ഉപയോഗിക്കുന്നവര്‍ 35 ലക്ഷമെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 10.4 ലക്ഷം പേരാണ് ഇ ഗേറ്റിനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. യാത്രാ നടപടികള്‍ പത്ത് സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതിനാല്‍ ഇ ഗേറ്റ് വലിയ വിഭാഗം യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. തുടക്കമായതിനാല്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതും ഐഡി കാര്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യാത്തതും പലരെയും ഇ ഗേറ്റ് ഉപയോഗത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നു.    നിലവില്‍ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ ഇരുപത്തിയൊന്നും അറൈവല്‍ വിഭാഗത്തില്‍ ഇരുപതും ഇ ഗേറ്റുകളാണുള്ളത്. ഇരു വിഭാഗങ്ങളിലും ഗേറ്റുകളുടെ എണ്ണം നാല്‍പ്പത് വീതമാക്കി വര്‍ധിപ്പിക്കുമെന്ന് വിമാനത്താവള പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാശിദ് അല്‍മസ്‌റൂഇ പറഞ്ഞു. പതിനെട്ട് വയസ്സിന് മുകളിലുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഖത്തര്‍ ഐഡി ഉപയോഗിച്ച് ഇ ഗേറ്റ് പ്രയോജനപ്പെടുത്താം. ഇ ഗേറ്റിന്റെ കവാടത്തില്‍ കാര്‍ഡ് സ്‌കാന്‍ ചെയ്യുന്നതോടെ  ആദ്യ ഗ്ലാസ് വാതില്‍ തുറന്ന് അകത്തു കടക്കാം. ഇവിടെ കണ്ണോ വിരലടയാളമോ സ്‌കാന്‍ ചെയ്യണം. കാര്‍ഡിലെ വിവരവും സ്‌കാന്‍ റിപ്പോര്‍ട്ടും ചേര്‍ന്നു വരുന്നതോടെ രണ്ടാമത്തെ വാതിലും തുറക്കും. ഇതോടെ നടപടികള്‍ പൂര്‍ത്തിയായി. ഇ ഗേറ്റിലെത്തുന്നതിനു മുമ്പ് എയര്‍പോര്‍ട്ടില്‍ തയാറാക്കിയ കൗണ്ടറില്‍ വിരലടയാളം അപ്‌ഡേറ്റ് ചെയ്താല്‍ കണ്ണ് സ്‌കാന്‍ ചെയ്യുന്നതിനു പകരം വിരല്‍ സ്‌കാന്‍ ചെയ്താല്‍ മതിയാകും. കണ്ണിനേക്കാള്‍ വിരല്‍ സ്‌കാന്‍ ചെയ്യുകയാണ് എളുപ്പം. കണ്ണ് സ്‌കാന്‍ ചെയ്യുന്നതിന് കാമറക്കു മുന്നില്‍ കൃത്യമായ അകലത്തില്‍ നില്‍ക്കാന്‍ കഴിയാത്തത് പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കാറുണ്ട്.
Next Story

RELATED STORIES

Share it