Flash News

വിമാനത്താവളങ്ങളിലും ഇനി മൊബൈല്‍ ആധാര്‍



ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ മൊബൈല്‍ ആധാര്‍ (എം ആധാര്‍) ഉപയോഗിക്കാമെന്നു ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വ്യക്തമാക്കി. മാതാപിതാക്കളോടൊപ്പം പോവുന്ന മൈനറായ കുട്ടികള്‍ക്കു തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 10 തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്നു കാണിച്ചാല്‍ വിമാനത്താവളത്തിനകത്തേക്കു പ്രവേശനം അനുവദിക്കും. പാസ്‌പോര്‍ട്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, അല്ലെങ്കില്‍ എം ആധാര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും കാണിച്ചാല്‍ പ്രവേശനം അനുവദിക്കും. ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോയടക്കമുള്ള പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്, ഭിന്നശേഷിക്കാരെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍വീസിലുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സ്വീകാര്യമായിരിക്കുമെന്നു ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കു പഠിക്കുന്ന സ്ഥാപനങ്ങളിലെ കാര്‍ഡ് കാണിച്ചും പ്രവേശനം നേടാം. സാധുതയുള്ള ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ ജീവനക്കാരുമായി ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനു ദേശസാല്‍കൃത ബാങ്കിന്റെ പാസ് ബുക്കോ, പെന്‍ഷന്‍ കാര്‍ഡോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പാസ് ബുക്കോ കൈവശം വയ്ക്കണമെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it