kannur local

വിമാനത്താവളം ലക്ഷ്യത്തിലേക്ക്; റോഡ് വികസനം ഫയലില്‍

മട്ടന്നൂര്‍: നവംബര്‍ ആദ്യവാരം സര്‍വീസ് ആരംഭിക്കാനുള്ള ലക്ഷ്യത്തിലേക്ക് കണ്ണുര്‍ വിമാനത്താവളം എത്തുമ്പോഴും ഇതിനോടു ചേര്‍ന്ന് വികസിക്കേണ്ട റോഡുകളുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നു. വിമാനത്താവളത്തിന് അന്തിമ ലൈസന്‍സ് ലഭിക്കേണ്ട നടപടിക്രമങ്ങള്‍ അടുത്ത മാസം പകുതിയോടെ പൂര്‍ത്തിയാവും. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച റോഡ് വികസനം സര്‍വേയിലും ഫയലിലും ഒതുങ്ങി. വിമാനത്താവളം വരുന്നതോടെ ഇതുമായി ബന്ധപ്പെടുന്ന മുഴുവന്‍ റോഡുകളിലും വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കും. ഇപ്പോള്‍ തന്നെ കണ്ണൂര്‍-മട്ടന്നൂര്‍, തലശ്ശേരി-മട്ടന്നൂര്‍ റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനു പരിഹാരമെന്നോണമാണ് രണ്ടുവര്‍ഷം മുമ്പ് റോഡ് നവീകരിച്ച് നാലുവരി പാതയാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി പാക്കേജില്‍ തലശ്ശേരി-കൊടുവള്ളി ഗേറ്റ്മമ്പറം-എയര്‍പോര്‍ട്ട് റോഡ് (24.50 കിലോ മീറ്റര്‍), കുറ്റിയാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ് (52.20 കിലോ മീറ്റര്‍), മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ് (63.5 കിലോ മീറ്റര്‍), കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍-വായന്തോട് റോഡ് (32 കിലോ മീറ്റര്‍), തളിപ്പറമ്പ്-നണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ് (27.2 കിലോ മീറ്റര്‍), മേലെ ചൊവ്വ0ചാലോട്-വയന്തോട്-എയര്‍പോര്‍ട്ട് റോഡ് (26.30 കിലോ മീറ്റര്‍) എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാത, കുറ്റിയാടി-പെരിങ്ങത്തൂര്‍-പാനൂര്‍മട്ടന്നൂര്‍ റോഡുകളില്‍ മാത്രം സര്‍വേ നടന്നു. മാനന്തവാടി-ബോയ്‌സ് ടൗണ്‍- പേരാവൂര്‍-മാലൂര്‍-ശിവപുരം വഴി മട്ടന്നൂരിലെത്തുന്ന നിലവിലെ റോഡ് വീതി കൂട്ടി നാലുവരിപ്പാതയാക്കാന്‍ ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. ഭൂമി ഏറ്റെടുക്കാന്‍ 917 കോടിയും പദ്ധതി പൂര്‍ത്തികരിക്കാന്‍ 413 കോടിയുമാണ് കണക്കാക്കുന്നത്. കണ്ണുരില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍- ചൊവ്വ റോഡ്. ഒരുവര്‍ഷം മുമ്പ് നിലവിലുള്ള റോഡ് മെക്കാഡം ടാറിങ് നടത്തിയത് മാത്രമാണ് ഈ റോഡില്‍ നടത്തിയ വികസനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിലേക്ക് കണ്ണൂരില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മിക്കാന്‍ നിര്‍ദേശം ഉയര്‍ന്നപ്പോള്‍ചൊവ്വ-മട്ടന്നൂര്‍ റോഡ് പഴയ വീതിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സ്ഥലവാസികളുടെ എതിര്‍പ്പ് കാരണം ഗ്രീന്‍ഫീല്‍ഡ് പദ്ധതി ഉപേക്ഷിച്ചു. പുതിയ നിര്‍ദേശപ്രകാരം ഗ്രീന്‍ഫീല്‍ഡ് ഒഴിവാക്കി ചൊവ്വ-മട്ടന്നൂര്‍ റോഡ് നാലുവരിപ്പാതയായി ഉയര്‍ത്താണ് തീരുമാനിച്ചത്. വിമാനത്താവളം ഉദ്ഘാടനത്തിനു മുമ്പ് മുഴുവന്‍ റോഡുകളും രണ്ടുവരികളാക്കി മെക്കാഡം ടാറിങ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല.



Next Story

RELATED STORIES

Share it