Pathanamthitta local

വിമാനത്താവളം ജില്ലയുടെ വികസനത്തിനെന്ന് കെ അനന്തഗോപന്‍; പ്രഖ്യാപനമായതുകൊണ്ട് 500 കോടിയും വകയിരുത്താം: കെ ശിവദാസന്‍ നായര്‍

പത്തനംതിട്ട: സംസ്ഥാന ബജറ്റില്‍ ശബരിമല വിമാനത്താവളത്തിന് 50 കോടി രൂപ വകയിരുത്തിയത് ജില്ലയുടെ വികസനത്തിന് വലിയ ഉണര്‍വാകുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനന്തഗോപന്‍ അവകാശപ്പെട്ടു. എന്നാല്‍ ശബരിമല വിമാനത്താവളം ജില്ലയ്ക്കു പുറത്തു കൊണ്ടുപോയതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ പങ്കുണ്ടെന്നും പണമില്ലാതെ പ്രഖ്യാപനം മാത്രമായതുകൊണ്ട് 50 കോടി അല്ല, 500 കോടി വരെ വകയിരുത്തുന്നതില്‍ തെറ്റില്ലെന്നും മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ കുറ്റപ്പെടുത്തി. സ്വകാര്യ വ്യക്തിയുടെ കയ്യിലിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കുകയാണു വേണ്ടതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍. കേന്ദ്ര– സംസ്ഥാന ബജറ്റുകളെക്കുറിച്ച് പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദം നേതാക്കള്‍ ചില വിഷയങ്ങളില്‍ യോജിപ്പിലെത്തിയും ചിലതില്‍ തിരിഞ്ഞുകൊത്തിയും നേതാക്കള്‍  സജീവമാക്കി. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് ഒന്നും തന്നില്ലെന്ന കാര്യത്തില്‍ അനന്തഗോപനും കെ ശിവദാസന്‍ നായരും യോജിച്ചപ്പോള്‍ സംസ്ഥാന ബജറ്റ് ജില്ലയ്ക്ക് ഒന്നും തന്നില്ലെന്ന് ശിവദാസന്‍ നായരും ഷാജി ആര്‍ നായരും ഒരേ സ്വരത്തില്‍ പറഞ്ഞു. ആറന്മുള വിമാനത്താവളം ചര്‍ച്ചയില്‍  വിഷയമായപ്പോള്‍ അനന്തഗോപനും ഷാജി ആര്‍ നായരുമായിരുന്നു യോജിപ്പ്. വിദ്യാഭ്യാസം, സാമൂഹികം തുടങ്ങി വിവിധ മേഖലകളിലെ പൊതുവായ പദ്ധതികളുടെ നടത്തിപ്പ് വഴി ജില്ലയ്ക്കു കിട്ടുന്ന വിഹിതത്തിനു പുറമെ, ശബരിമല മാസ്റ്റര്‍ പ്ലാനിനു വേണ്ടി 28 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് കെ അനന്തഗോപന്‍ പറഞ്ഞു. റോഡുകളുടെ നവീകരണം, പാലങ്ങളുടെ നിര്‍മാണം, സ്‌റ്റേഡിയം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികളാണ് നിര്‍ദേശിച്ചിരിക്കുന്നത്. 12 പാലങ്ങള്‍ക്ക് പണം വകയിരുത്തിയിട്ടുണ്ട്. വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ നേരിട്ട് പണം ചെലവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  ജില്ലയെ സംബന്ധിച്ചിടത്തോളം അഞ്ചു മണ്ഡലങ്ങളെയും ഒരു പോലെ പരിഗണിച്ച ബജറ്റ് ആണിതെന്നും കോന്നി മെഡിക്കല്‍ കോളജില്‍ കുടിവെള്ളം എത്തിക്കുന്നതിന് 30 കോടി രൂപ, വിദ്യാഭ്യാസ സമുച്ചയത്തിന് 10 കോടി രൂപ തുടങ്ങി ആകെ 1425 കോടി രൂപ ജില്ലയിലെ പദ്ധതികള്‍ക്കു മാത്രമായി വകയിരുത്തിയിട്ടുണ്ടെന്നും അനന്തഗോപന്‍ പറഞ്ഞു. എന്നാല്‍, ശബരിമല മാസ്റ്റര്‍ പ്ലാനിനു തുക വകയിരുത്തിയത് ജില്ലയ്ക്കുള്ള വിഹിതമായി പറയാനാവില്ലെന്ന് കെ ശിവദാസന്‍ നായര്‍ പറഞ്ഞു. രാജ്യത്താകമാനമുള്ള തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ വികസന പ്രവര്‍ത്തനമായി പരിഗണിക്കുന്നത് കണക്കു കൊണ്ട് കണ്ണില്‍ പൊടിയിടാനാണ്. ശബരിമല വിമാനത്താവളത്തിന് എത്ര തുക വേണമെങ്കിലും വകയിരുത്താം. നടന്നാല്‍ നടന്നു എന്നേയുള്ളൂ. അത് ജില്ലയിലല്ല താനും. പാലങ്ങളും റോഡുകളും എല്ലാ മണ്ഡലങ്ങളിലും എല്ലാ ബജറ്റിലും ഉണ്ടാവും. അതൊന്നും ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രത്യക വകയിരുത്തലായി പരിഗണിക്കാനാവില്ല. കോഴഞ്ചേരി പാലം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിന്റെ സഥാനം കണ്ടെത്താന്‍ പറ്റാത്തതാണു പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക തടസം എന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ല. സ്ഥാനം നേരത്തെ നിര്‍ണയിച്ചതാണ്. ആരും തര്‍ക്കമുന്നയിച്ചതായി അറിയില്ലെ ശിവദാസന്‍ നായര്‍ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിനു വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനു വേണ്ടി സംസ്ഥാനം അവരുടെ ബാധ്യത നിറവേറ്റുന്നില്ല. പദ്ധതികള്‍ക്കു വേണ്ട സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നില്ല. കേന്ദ്ര ബജറ്റിന്റെ 2.5 ശതമാനം കേരളത്തിനാണെന്നും ഉല്‍പ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില പ്രഖ്യാപിച്ചത് ജില്ലയിലേതടക്കം കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടിയാണന്നും ഷാജി ആര്‍ നായര്‍ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ മോഡറേറ്റര്‍ ആയിരുന്നു. ജോ. സെക്രട്ടറി അരുണ്‍ എഴുത്തച്ഛന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it