Flash News

വിമര്‍ശിച്ചാലും ഇനിയും ശൗചാലയത്തെക്കുറിച്ച് പറയും: കണ്ണന്താനം



തിരുവനന്തപുരം: തന്നെ എത്രതന്നെ വിമര്‍ശിച്ചാലും ശൗചാലയത്തെക്കുറിച്ച് ഇനിയും പറയുമെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്തെ 67 ശതമാനം ജനങ്ങളും ശൗചാലയമില്ലാത്തവരാണ്. അവര്‍ക്ക് വീടുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് ഇക്കാര്യത്തിനായി വാദിക്കുമ്പോ ള്‍ തന്നെ ആരൊക്കെ കളിയാക്കിയാലും പിന്നോട്ടില്ലെന്നു പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കണ്ണന്താനം പറഞ്ഞു.പാചകവാതകത്തിന്റെ വിലവര്‍ധനയെയും കണ്ണന്താനം ന്യായീകരിച്ചു. സാധാരണക്കാ ര്‍ക്ക് ഇതൊരു ഭാരമാവില്ല. 49 രൂപ വിലവര്‍ധിച്ചതില്‍ ഒന്നര രൂപമാത്രമാണ് ജനങ്ങള്‍ക്കു നല്‍കേണ്ടിവരുക. ബാക്കി സബ്‌സിഡിയിനത്തില്‍ ലഭിക്കുമെന്നും അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. ടൂറിസത്തിന് അനന്തസാധ്യതകളുള്ള കേരളത്തില്‍ ഈ രംഗത്തെ വികസനം മുരടിച്ചിരിക്കുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ മികച്ച വികസനം ഒരുക്കണം. ഇതിനായി വ്യക്തമായ പദ്ധതി സമര്‍പ്പിച്ചാല്‍ വനഭൂമി വിട്ടുനല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രം അനുകൂലമായ തീരുമാനമെടുക്കും. ലോകത്തെ മികച്ച കണ്‍സള്‍ട്ടന്‍സിയെ ഉപയോഗിച്ചു പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വേണം തയ്യാറാക്കാന്‍. ടൂറിസം കൊണ്ട് പണവും തൊഴിലവസരങ്ങളുമാണ് വേണ്ടത്. അതിനായി വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ടാറ്റയ്ക്ക് പാട്ടത്തിനു കൊടുത്ത ആയിരം ഏക്കര്‍ ഭൂമിയെങ്കിലും തിരിച്ചുവാങ്ങണമെന്നും കണ്ണന്താനം പറഞ്ഞു. ഐടി രംഗത്തും കേരളത്തിനു മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. കേരള സര്‍ക്കാരുമായി അടുത്തു പ്രവര്‍ത്തിച്ചു കാര്യങ്ങള്‍ നടപ്പാക്കാനാണ് താന്‍ ഉദ്ദേശിക്കുന്നത്. ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിമര്‍ശിക്കുന്നതിനു പിന്നില്‍ വ്യക്തിപരമായ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ ചെറിയ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെന്നു കണ്ണന്താനം തുറന്നു സമ്മതിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it