Flash News

വിമര്‍ശിക്കരുതെന്ന് പറയാന്‍ സൈന്യം സംഘ്പരിവാറിന്റെ തറവാട്ട് വകയാണോ?:പികെ ഫിറോസ്

വിമര്‍ശിക്കരുതെന്ന് പറയാന്‍ സൈന്യം സംഘ്പരിവാറിന്റെ തറവാട്ട് വകയാണോ?:പികെ ഫിറോസ്
X


തിരുവനന്തപുരം: ഡല്‍ഹി എകെജി ഭവനില്‍ സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് കുമ്മനത്തിനിരെതിരെ വിമര്‍ശനമുന്നയിച്ചത്. യെച്ചൂരിക്ക് നേരെയുള്ള അക്രമത്തെ അപലപിച്ചു കൊണ്ട് കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവന അക്രമത്തെ ന്യായീകരിക്കുന്നതാണെന്ന് ഫിറോസ് പറഞ്ഞു.സിപിഎം നേതാക്കള്‍ സൈന്യത്തെ വിമര്‍ശിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകളാണ് കയ്യേറ്റത്തിനു കാരണമെന്നാണ് കുമ്മനത്തിന്റെ കണ്ടെത്തല്‍. സൈന്യത്തെ വിമര്‍ശിച്ചാല്‍ അക്രമിക്കപ്പെടും എന്നതാണ് ഇതിന്റെ സൂചന. സൈന്യത്തെ വിമര്‍ശിക്കരുതെന്ന് പറയാന്‍ സംഘ്പരിവാറിന്റെ തറവാട്ട് വകയുള്ളതാണോ ഇന്ത്യന്‍ സൈന്യമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.



ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സീതാറാം യച്ചൂരിക്ക് നേരെയുള്ള അക്രമത്തെ അപലപിച്ചു കൊണ്ട് ശ്രീ.കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അക്രമത്തെ ന്യായീകരിക്കുന്നതാണ്. സി.പി.എം നേതാക്കള്‍ സൈന്യത്തെ വിമര്‍ശിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകളാണ് കയ്യേറ്റത്തിനു കാരണമെന്നാണ് കുമ്മനത്തിന്റെ കണ്ടെത്തല്‍. സൈന്യത്തെ വിമര്‍ശിച്ചാല്‍ അക്രമിക്കപ്പെടും എന്നതാണ് സൂചന. സൈന്യത്തെ വിമര്‍ശിക്കരുതെന്ന് പറയാന്‍ സംഘ് പരിവാറിന്റെ തറവാട്ട് വകയുള്ളതാണോ ഇന്ത്യന്‍ സൈന്യം?

ഇന്ത്യന്‍ സൈന്യം ഓരോ ഭാരതീയന്റെയും സ്വത്താണ് അത് ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിമര്‍ശിക്കുകയും നേര്‍വഴിക്ക് കൊണ്ടുവരികയും ചെയ്യാന്‍ ഓരോ ഇന്‍ഡ്യാക്കാരനും അവകാശമുണ്ട്.

മാത്രമല്ല ഇന്ത്യയിലെ ഏത് സംവിധാനത്തേയും വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത വിഴുപ്പുമായി നടക്കുന്നവര്‍ ഇപ്പോള്‍ ഓരോന്നും സ്വന്തമാക്കാനുള്ള വെപ്രാളത്തിലാണ്. അത് കൊണ്ടാണവര്‍ ദേശീയതയെ കുറിച്ച് വാചാലമാവുന്നത്. അത് കൊണ്ട് മാത്രമാണവര്‍ സൈന്യത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

പ്രസ്താവനയില്‍ പിന്നീട് പറയുന്നത് അക്രമത്തില്‍ ആര്‍.എസ്.എസിനു പങ്കില്ല എന്നാണ്. അല്ലെങ്കിലും ആര്‍.എസ്.എസ് നടത്തിയ ഏത് അക്രമമാണ് അവര്‍ ഏറ്റെടുത്തിട്ടുള്ളത്? ഐ.എസില്‍ നിന്നും ആര്‍.എസ്.എസിനെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം ഇത് മാത്രമാണ്.
Next Story

RELATED STORIES

Share it