palakkad local

വിമര്‍ശനാത്മകമായും കരുതലോടെയും വായിക്കണം: കെ ഡി പ്രസേനന്‍



പാലക്കാട്: വായിക്കുന്നതെല്ലാം പൂര്‍ണമായും ഉള്‍ക്കൊള്ളാതെ വിമര്‍ശനാത്മകമായും കരുതലോടെയും വായിക്കണമെന്ന് കെ ഡി പ്രസേനന്‍ എംഎല്‍എ.  ജില്ലാതല വായന പക്ഷാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണനിലവാരമുള്ള വിദ്യാഭ്യാസമുണ്ടാവാനാണ് സര്‍ക്കാര്‍ പെതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്. ഇതിന്റെ ഉദ്ദേശ്യം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണം. നക്ഷത്രങ്ങളുടെ നിറഭേദങ്ങളെക്കുറിച്ച് അറിയുന്നവര്‍ക്ക് തന്റെ തൊട്ടടുത്തുള്ള പ്രദേശത്തെയും വ്യക്തികളെയും കുറിച്ച് അറിയാത്ത സ്ഥിതിയാണ്. എ പ്ലസ് നേടുക മാത്രമായിരിക്കരുത് പഠനത്തിന്റെ ലക്ഷ്യം. ചരിത്രം ശരിയായ രീതിയില്‍ വായിക്കുന്നവര്‍ക്ക് മാത്രമേ മികച്ച പൊതു പ്രവര്‍ത്തരാവാന്‍ കഴിയൂയെന്നും വായിക്കാന്‍ സമയമില്ലെന്ന് പറയുന്നത് സ്വയം വഞ്ചിക്കുന്ന തരത്തിലുള്ള നിലപാടാണെന്നും എംഎല്‍എ വ്യക്തമാക്കി ജില്ലാ പഞ്ചായത്തിന്റെ ഭാരതപുഴ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുഴയുണര്‍ത്ത് പാട്ടുമായാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് ശ്രീവരാഹം സോമന്‍ സംവിധാനം ചെയ്ത് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച പി എന്‍ പണിക്കരെക്കുറിച്ചുള്ള ‘ വായനയുടെ വളര്‍ത്തച്ഛന്‍ ‘ ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിച്ചു. പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എഡിഎം എസ് വിജയന്‍ വായനദിന പ്രതിജ്ഞ ചൊല്ലി.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭകമാരി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സജി തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് അക്കൗണ്ട്‌സ് ഓഫിസര്‍ മുഹമ്മദ് നിസ്താര്‍, പ്രധാനാധ്യാപകന്‍ കെ ദിവാകരന്‍, പിറ്റിഎ പ്രസിഡന്റ് കെ സലീം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം കാസിം, പേരൂര്‍ പി രാജഗോപാലന്‍, കെശ്രീധരന്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ ആദിത്യന്‍, വിനീത് എന്നിവര്‍ കവിതകള്‍ ആലപിച്ചു. സാമൂഹിക പ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന് തുടക്കമിട്ട വ്യക്തിയുമായ പുതുവായില്‍ നാരായണ പണിക്കരുടെ (പിഎന്‍പണിക്കര്‍) ചരമദിനത്തിലാണ് വായനദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അനുബന്ധ പരിപാടികളും നടത്തുന്നത്.
Next Story

RELATED STORIES

Share it