വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി ജെ കുര്യന്‍; പരാതിയുള്ളവര്‍ പാര്‍ട്ടി ഫോറത്തിലാണ് പറയേണ്ടത്

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ യുവനേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി ജി കുര്യന്‍ എംപി. താന്‍ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി എന്തു തീരുമാനമെടുത്താലും തനിക്ക് പൂര്‍ണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എംഎല്‍എമാര്‍ താനടക്കമുള്ളവര്‍ക്കുനേരെ കുതിരകയറുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
അവര്‍ക്കു പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവര്‍ക്ക് സീറ്റ് കൊടുപ്പിക്കാം. ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടില്‍ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഇപ്പോള്‍ അഭിപ്രായം പറയുന്ന യുവ എംഎല്‍എമാരൊക്കെ 25-28 വയസ്സില്‍ എംഎല്‍എമാര്‍ ആയവരാണ്. ഞാന്‍ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറര്‍, കെപിസിസി മെംബര്‍ തുടങ്ങി പല തലങ്ങളില്‍ 20 വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതിനു ശേഷമാണ് 1980ല്‍ മാവേലിക്കരയില്‍ മല്‍സരിക്കുന്നത്.
അന്നും പാര്‍ട്ടിയോട് സീറ്റ് ചോദിച്ചില്ല. വി എം സുധീരനെ മാവേലിക്കരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഞാന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഞാന്‍ മല്‍സരിച്ചു ജയിച്ചു. ജയിച്ചതുകൊണ്ട് വീണ്ടും മാവേലിക്കരയില്‍ തന്നെ അഞ്ച് തവണ പാര്‍ട്ടി എനിക്ക് സീറ്റ് നല്‍കി. അഞ്ചു തവണയും ഞാന്‍ ജയിച്ചു. പാര്‍ട്ടിയിലെ ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല.
ഞാന്‍ അത്ര വലിയ പ്രഗല്‍ഭനൊന്നും അല്ലെങ്കിലും എന്നെ ഏല്‍പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാര്‍ഥമായും ചെയ്തിട്ടുണ്ട്. ഞാന്‍ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പുമില്ല. പക്ഷേ, അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it