വിമര്‍ശനങ്ങളെ തുടര്‍ന്ന് പ്രചാരണം മതിയാക്കി യോഗി മടങ്ങി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആഞ്ഞടിച്ച പൊടിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും മുഖ്യമന്ത്രി കര്‍ണാടകയില്‍ തുടരുന്നത് വിവാദമായ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാട്ടിലേക്ക് മടങ്ങി. വലിയ പ്രകൃതിദുരന്തമുണ്ടായിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാതെ ആദിത്യനാഥ്  പ്രചാരണരംഗത്ത് തുടരുന്നതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു.  കര്‍ണാടകയില്‍ ബിജെപിയുടെ മുഖ്യതിരഞ്ഞെടുപ്പ് പ്രചാരകരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട യോഗി 35ല്‍പരം റാലികളില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യേണ്ട മുഖ്യമന്ത്രി കര്‍ണാടകത്തില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഇനിയുള്ള കാലം കര്‍ണാടകയില്‍ മഠം നിര്‍മിച്ച് യോഗി അവിടെ തന്നെ തങ്ങിയാല്‍ മതിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പൊടിക്കാറ്റില്‍ സംസ്ഥാനത്ത് 78 പേര്‍ മരിച്ച സാഹചര്യത്തില്‍ യോഗി ഉത്തര്‍പ്രദേശിലേക്ക് അടിയന്തരമായി മടങ്ങിവരണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.  അഖിലേഷ് യാദവിന് പിന്നാലെ കോണ്‍ഗ്രസ്സും യോഗിയെ വിമര്‍ശിച്ച് രംഗത്തുവന്നു. പ്രതികൂലമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ യോഗി സന്ദര്‍ശനം നടത്തുന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു.  സംസ്ഥാനം ഭരിക്കുന്ന ബിജെപി ഈ ദുരന്തത്തെ വേണ്ട പ്രാധാന്യത്തോടെ കാണുന്നില്ലെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it