വിമത ശല്യം; യുഡിഎഫ് അങ്കലാപ്പില്‍

എം പി അബ്ദുല്‍ സമദ്/
അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കണ്ണൂര്‍/കാസര്‍കോഡ്: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയിരിക്കെ കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും യുഡിഎഫിന് വിമതപ്പടയുടെ ഭീഷണി. വിമതബാധ ഒഴിപ്പിക്കാനുള്ള തന്ത്രങ്ങളൊന്നും വിലപ്പോവുന്നില്ല. അന്ത്യശാസനയ്ക്കു പുറമെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ തുടരുമ്പോഴും സ്ഥാനാര്‍ഥിത്വത്തി ല്‍ ഉറച്ചുനില്‍ക്കുകയാണ് ഇവരില്‍ ഭൂരിപക്ഷവും. ചില്ലറ വോട്ടുകള്‍ക്ക് ജയപരാജയ സാധ്യതകള്‍ മാറിമറയുന്നതാണ് മിക്ക വാര്‍ഡുകളുടെയും സ്ഥിതി.
കനത്ത പോരാട്ടം കൂടിയാവുമ്പോള്‍ പലയിടത്തും പ്രവചനം അസാധ്യമാവും. മുന്നണി സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ പരമാവധി കൈക്കലാക്കി കരുത്ത് തെളിയിക്കുക എന്നതാണ് വിമതരുടെ ലക്ഷ്യം. വിജയസാധ്യതയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസ്സിലാണ് വിമതരുടെ ശല്യമേറെ. ജില്ലാ പഞ്ചായത്ത് മുതല്‍ ഗ്രാമപ്പഞ്ചായത്ത് തലം വരെ ഇത് പ്രകടമാണ്. ഇതിന് അപരന്മാരുടെ പാരയും നിലനില്‍ക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിലെ ആകെയുള്ള 24 ഡിവിഷനുകളിലെ 86 സ്ഥാനാര്‍ഥികളില്‍ 15 പേര്‍ കോണ്‍ഗ്രസ് വിമതരോ സ്വതന്ത്രന്മാരോ ആണ്. യുഡിഎഫിന് ജയസാധ്യതയുള്ള ഒരിടത്ത് അപരനും ജനവിധി തേടുന്നു. 55 ഡിവിഷനുള്ള കണ്ണൂര്‍ കോര്‍പറേഷനിലെ 224 സ്ഥാനാര്‍ഥികളില്‍ 37 പേര്‍ വിമത-സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്.
ആദ്യം കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംനേടി. ഒടുവില്‍ ഗ്രൂപ്പുകളിയുടെ ബലിയാടായി തഴയപ്പെട്ട മണ്ഡലം കമ്മിറ്റി നേതാവും വിമതപ്പട്ടികയില്‍ ഉള്‍പ്പെടും. വിമതരുടെ പട്ടിക കൈമാറാന്‍ കെപിസിസി, ഡിസിസികളോട് നിര്‍ദേശിച്ചിരുന്നു. മുസ്‌ലിം ലീഗും വിമതഭീഷണിയുടെ നിഴലിലാണ്. കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്നിടത്ത് യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ ലീഗ് വിമതര്‍ രംഗത്തുണ്ട്. അച്ചടക്ക നടപടി കൂസാതെ ചാലാട്, കടലായി, വെത്തിലപ്പള്ളി ഡിവിഷനുകളില്‍ ലീഗ് വിമതര്‍ ഉറച്ചുനില്‍ക്കുകയാണ്. പുതുതായി രൂപീകരിച്ച പാനൂര്‍ നഗരസഭയിലെ സ്ഥിതിയും മറ്റൊന്നല്ല.
40ാം വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി ജനവിധി തേടുന്ന യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ചരടുവലികള്‍. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ലീഗിലെ രണ്ടു പേരാണു നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. പൊട്ടങ്കണ്ടി ഗ്രൂപ്പും റഹ്മാന്‍ ഗ്രൂപ്പും തമ്മിലാണ് ഇവിടെ പോരാട്ടം. അതിനിടെ, ചിലയിടങ്ങളില്‍ അപരന്മാരാണ് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പാര. കണ്ണൂര്‍ കോര്‍പറേഷനിലെ കസാനക്കോട്ട, ചൊവ്വ, അറക്കല്‍, ആറ്റടപ്പ, മേലെ ചൊവ്വ, അതിരകം ഡിവിഷനുകളില്‍ അപരന്മാരാണ് താരങ്ങള്‍.
അതേസമയം, കാസര്‍കോഡ് ജില്ലയിലും ഇരുമുന്നണികള്‍ക്ക് റിബല്‍ ശല്യം തലവേദന സൃഷ്ടിക്കുന്നു. യുഡിഎഫിന്റെ കുത്തക ഡിവിഷനായ ജില്ലാ പഞ്ചായത്തിലെ വോര്‍ക്കാടിയില്‍ കോ ണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് മുന്‍ മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് റിബലായി മല്‍സര രംഗത്തുണ്ട്. മഞ്ചേശ്വരം പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളിലും ചെങ്കള പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും ലീഗിനെതിരെയും വിമതര്‍ മല്‍സരിക്കുന്നു. കാസര്‍കോഡ് നഗരസഭയില്‍ മുന്‍ നഗരസഭാംഗം സുലൈമാന്‍ ഹാജി ബാങ്കോടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വികസന മുന്നണി ഏഴ് വാര്‍ഡുകളില്‍ ലീഗിനെതിരേ മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ കുത്തക പഞ്ചായത്തായ ഈസ്റ്റ് എളേരിയില്‍ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസന മുന്നണി രൂപീകരിച്ച് യുഡിഎഫിനെതിരേ രംഗത്തുണ്ട്.
അതേസമയം ത്രിതല തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പേര് അക്ഷരമാലാ ക്രമത്തിലാണ്. ഒരേ പേരിലുള്ള പല സ്ഥാനാര്‍ഥികള്‍ വരുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇടയാക്കും.
Next Story

RELATED STORIES

Share it