kannur local

വിമതശബ്ദങ്ങള്‍ക്കെതിരേ കരിനിയമം ചുമത്തുന്നു: ടീസ്താ സെറ്റല്‍വാദ്



കണ്ണൂര്‍: വിമതശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ്. കണ്ണൂര്‍ സര്‍വകലാശാല ഇ കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച “ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളുംദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനങ്ങള്‍ ഫാഷിസ്റ്റുകളുടെ പിടിയിലാണ്. ഹൈന്ദവവല്‍ക്കരണത്തിലൂടെ ബഹുസ്വരതയെ അട്ടിമറിക്കുന്നു. ജനാധിപത്യത്തെ ഭയപ്പെടുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരങ്ങള്‍ നല്‍കുന്നില്ല. ന്യൂനപക്ഷത്തിനെതിരാണ് കേന്ദ്രമെന്ന് കരുതി മിണ്ടാതിരിക്കുന്നതില്‍ അര്‍ഥമില്ല. 545 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 283 പേര്‍ കോടിപതികളാണ്. ഇതില്‍ 85 പേര്‍ ഖനന, ടെലികോം കമ്പനി ഉടമസ്ഥരും. പാര്‍ലമെന്ററി ജനാധിപത്യം കോര്‍പറേറ്റുകളുടെ കൈയില്‍ പെട്ട് ഞെരുങ്ങുകയാണ്. ബിജെപിയുടെ പേരില്‍ ആര്‍എസ്എസിനാണ് രാജ്യഭരണത്തിന്റെ താക്കോല്‍. ദേശീയതയെയും സാമ്പത്തിക സുരക്ഷിതത്വത്തെയും കുറിച്ച് വ്യാജഅവബോധമാണ് ഇവര്‍ സൃഷ്ടിക്കുന്നത്. ഈ ഭരണം ജനവിരുദ്ധമാണെന്ന് തിരിച്ചറിയണമെന്നും ടീസ്റ്റ പറഞ്ഞു. സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, മുന്‍ മുഖ്യമന്ത്രി ഇ കെ. നായനാരുടെ പത്‌നി ശാരദ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം പ്രകാശന്‍, അഡ്വ. പി സന്തോഷ് കുമാര്‍, ഡോ. ജോണ്‍ ജോസഫ്, ചരിത്രകാരന്‍മാരായ കെ കെ എന്‍ കുറുപ്പ്, ഡോ. വെങ്കടേഷ് ആത്രേയ, ഡോ. എ കെ രാമകൃഷ്ണന്‍, സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. മഞ്ജുള പൊയില്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ സി പി ഷിജു, പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it