വിമതഭീഷണി; സിപിഎമ്മിലും ലീഗിലും നടപടി

തിരുവനന്തപുരം: വിമത സ്ഥാനാര്‍ഥികള്‍ക്കെതിരേ കോണ്‍ഗ്രസ്സിനു പിന്നാലെ മുസ്‌ലിംലീഗിലും സിപിഎമ്മിലും നടപടി തുടരുന്നു. തൃശൂരിലും മലപ്പുറത്തും പാലക്കാട്ടും യുഡിഎഫ് വിമതര്‍ക്കെതിരേ നടപടിയെടുത്തു. മൂന്ന് ജില്ലകളിലായി അമ്പതിലധികം പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്.
വിമത സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്ന 11 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തൃശൂരില്‍ ജില്ലാനേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ജില്ലയില്‍ ഇതേവരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 13 ആയി. മലപ്പുറത്ത് വിമതപ്രവര്‍ത്തനം നടത്തിയ 15 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഡിസിസി സസ്‌പെന്‍ഡ് ചെയ്തത്. 15 മുസ്‌ലിംലീഗ് വിമതരെയും സസ്‌പെന്‍ഡ് ചെയ്തതായി സൂചനയുണ്ട്. പ്രാദേശിക നേതാക്കളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ മുഴുവന്‍. പാലക്കാട്ട് വിമതപ്രവര്‍ത്തനം നടത്തിയ കോണ്‍ഗ്രസ്സുകാര്‍ക്കെതിരേയാണു നടപടി. കൊല്ലംകോട്, പുതുശ്ശേരി, മണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ പതിനൊന്നോളം പേരെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. അതേസമയം വിമത പ്രവര്‍ത്തനം നടത്തിയ മുന്‍ ചെയര്‍പേഴ്‌സണ്‍ രമണി ബായ്, ഡിസിസി അംഗം കൃഷ്ണകുമാരി എന്നിവര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. പത്തനംതിട്ടയിലാണ് വിമതര്‍ക്കെതിരേ സിപിഎമ്മിന്റെ നടപടി. സ്ത്രീകളകടക്കം 11 പേരെ പാര്‍ട്ടി പുറത്താക്കി. 30 പേര്‍ക്കെതിരേ ഇനിയും നടപടിയുണ്ടാവുമെന്നാണു സൂചന.
Next Story

RELATED STORIES

Share it