malappuram local

വിമതന്‍ പിന്മാറുന്നില്ല; സ്ഥാനാര്‍ഥിത്വം നല്‍കാന്‍ സമ്മര്‍ദ്ദം

മലപ്പുറം: അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും വിമത സ്ഥാനാര്‍ഥി പിന്‍മാറാതിരുന്ന വാര്‍ഡില്‍ വിമതനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേടിലായിരിക്കുകയാണ് ലീഗ് നേതൃത്വം. മലപ്പുറം നഗരസഭയിലെ നാലാം വാര്‍ഡിലാണ് പാര്‍ട്ടിയെ വെട്ടിലാക്കി വിമതന്‍ പോരാടാനിറങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വാര്‍ഡ് ലീഗ് പ്രസിഡന്റ് ഇ കെ മൊയ്തീനും മുന്‍ വാര്‍ഡ് ലീഗ് സെക്രട്ടറി കൂടിയായ വിമത സ്ഥാനാര്‍ഥി സി കെ നിയാസും തമ്മിലുള്ള മല്‍സരമാണ് പാര്‍ട്ടിയേയും വോട്ടര്‍മാരെയും ഒരു പോലെ വെട്ടിലാക്കുന്നത്.
അവസരം മുതലാക്കി ഇടതു സ്ഥാനാര്‍ഥി എന്‍ കെ ഖാലിദ് ജയിച്ചു കയറുമെന്ന ഭീതിയിലാണ് പാര്‍ട്ടി അണികളിപ്പോള്‍. കാന്തപുരം വിഭാഗം സുന്നിയെ കേന്ദ്രീകരിച്ചാണ് ഇവിടത്തെ പോരാട്ടമെന്നതാണ് പ്രത്യേകത. ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കടുത്ത കാന്തപുരം അനുകൂലിയാണെന്ന പരാതിയെ തുടര്‍—ന്നാണ് ഇ കെ വിഭാഗം പ്രവര്‍ത്തകര്‍ അവരുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സി കെ നിയാസിനെ നിര്‍ബന്ധിപ്പിച്ച് ഗോദയിലിറക്കിയത്. ലീഗിന്റെ ഉറച്ച വാര്‍ഡില്‍ പരമ്പരാഗത ലീഗ് വോട്ടുകള്‍ക്കു പുറമെ എ പി വിഭാഗത്തിന്റെ വോട്ടുകള്‍ കൂടി നേടി വന്‍ വിജയം പ്രതീക്ഷിച്ചിറങ്ങിയ ലീഗ് സ്ഥാനാര്‍ഥിക്കു മുന്നില്‍ ഇടതുപക്ഷം മറ്റൊരു എ പി പ്രവര്‍ത്തകനെ സ്ഥാനാര്‍ഥിയാക്കിതോടെ ഇരുവിഭാഗത്തിന്റെയും വോട്ട് നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോള്‍.
അതേ സമയം പാര്‍ട്ടി ഓഫിസ് തന്നെ കേന്ദ്രീകരിച്ച് വിമത സ്ഥാനാര്‍ഥിയും സഹപ്രവര്‍ത്തകരും പരസ്യ പ്രചാരണം നടത്തിയിട്ടും വിമതനൊപ്പമുള്ള പ്രവര്‍ത്തകര്‍ക്കെതിരേ പേരിനുപോലും സസ്‌പെന്‍ഷന്‍ നടപടി പോലും സ്വീകരിക്കാനാവാതെ കുഴങ്ങുകയാണ് പാര്‍ട്ടിനേതൃത്വം.
ഇതിനിടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ മരവിപ്പിച്ച് വിമതനെ പിന്തുണക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം ഉടന്‍ വരുമെന്ന കിംവദന്തി കൂടി പരന്നതോടെ അണികളും സ്ഥാനാര്‍ഥിയും അങ്കലാപ്പിയാരിക്കുകയാണ്. മല്‍സരം ഒന്നുകൂടി ശക്തമാവുന്നതോടെ ഇടതു സ്ഥാനാര്‍ഥി ജയിച്ചുകയറുന്ന സാഹചര്യമുണ്ടായാല്‍ നിലവിലെ കൗണ്‍സിലറുടെ ഭര്‍ത്താവ് കൂടിയായ ഔദ്യോഗിക സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന സാഹചര്യവുമുണ്ടെന്നാണ് വോട്ടര്‍മാരുടെ പക്ഷം.
വിമത സ്ഥാനാര്‍ഥിയുടെ പ്രചരണ ബാനര്‍ ലീഗിന്റെ ഓഫിസിനു തൊട്ടുതാഴെയും ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ ബാനര്‍ ആരും ശ്രദ്ധിക്കാതെ ഒടിഞ്ഞു തൂങ്ങിയും കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it