വിഭാഗീയ പ്രവര്‍ത്തനം: ശോഭയ്‌ക്കെതിരേ നടപടി വേണമെന്ന് ബിജെപി ജില്ലാ നേതൃത്വം

പാലക്കാട്: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനെതിരേ അമിത്ഷായ്ക്ക് പരാതി നല്‍കുകയും പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നെന്ന് ആരോപിക്കുകയും ചെയ്ത ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രനെതിരേ നടപടിയെടുക്കണമെന്നു ജില്ലാകമ്മിറ്റി.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ശോഭയ്‌ക്കെതിരേ കടുത്ത ആരോപണങ്ങളുമായി ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. പാര്‍ട്ടിയിലെ ഉള്‍പ്പോരു തുറന്ന്കാട്ടുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് യോഗത്തിലുണ്ടായത്. ശോഭയ്ക്കനുകൂലമായും പ്രതികൂലമായും അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാദിച്ചത് പലപ്പോഴും നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ജില്ലയിലെ 12 മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും സംയോജകരുമുള്‍പ്പെടെ 57 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
എന്നാല്‍, പാലക്കാട്ട് ഉണ്ടായിരുന്നിട്ടും ശോഭാ സുരേന്ദ്രന്‍ യോഗത്തിനെത്തിയിരുന്നില്ല. എത്ര ഉന്നത നേതാവായാലും പാര്‍ട്ടിക്കെതിരേ പ്രസ്താവന നടത്തിയാല്‍ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ ദൃശ്യമാധ്യമങ്ങളിലൂടെ ശോഭ നടത്തിയ പ്രസ്താവന ശരിയായില്ല. പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടിക്ക് സമാഹരിക്കാവുന്ന വോട്ടുകള്‍ കിട്ടിയെന്നും കൂടുതല്‍ വോട്ടുകള്‍ കിട്ടേണ്ടത് സ്ഥാനാര്‍ഥിയുടെകൂടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാവണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ ശോഭയുടെ വിശദീകരണം തേടുമെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് വിരാമമായത്.
Next Story

RELATED STORIES

Share it