Kollam Local

വിഭവങ്ങളുടെ വൈവിധ്യക്കൂട്ടുമായി ആറന്മുള വള്ളസദ്യ



കൊല്ലം:ഒരു നാടിന്റെ രുചിയും പാരമ്പര്യവും അതിര്‍ത്തി കടക്കുകയായിരുന്നു ഇവിടെ. ആറന്മുളയിലെ വള്ള സദ്യ ദേശിംഗനാടിന്റെ ജലോല്‍സവത്തിന് രുചിക്കൂട്ടായപ്പോള്‍ അതു പുതുചരിത്രമായി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഊട്ടുപുരയിലായിരുന്നു കൊല്ലത്തുകാര്‍ക്കായി വള്ളസദ്യ നിരന്നത്. വഞ്ചിപ്പാട്ടിന്റെ താളം ഉയര്‍ന്നതോടെ സദ്യയ്ക്ക് തുടക്കമായി. 60 ലധികം കറികളാണ് സദ്യയ്ക്ക് വിളമ്പിയത് . അതു പക്ഷെ വെറുതെ വിളമ്പുകയായിരുന്നില്ല. ഈണത്തില്‍ പാടി വിഭവങ്ങള്‍ ചോദിക്കുന്ന മുറയ്ക്ക് ഓരോന്നായി വിളമ്പി. വന്‍പാര്‍ന്ന പര്‍പ്പടകം അന്‍പോട് കൂട്ടിയുണ്ണാന്‍ നല്ലോരു തുമ്പമലരിന്‍ നിറമുള്ള ചോറു വരണേ എന്ന പാടിയപ്പോള്‍ ആവി പറക്കുന്ന ചോറെത്തി. കൊട്ടാരക്കരയില്‍ വാഴും ഒറ്റക്കൊമ്പന്‍ ഗണപതിക്ക് ഇഷ്ടഭോജനമാകും മോദകം വേണമെന്നായി പിന്നീട്, കാത്തിരിക്കേണ്ടി വന്നില്ല മോദകം ഇലയിലേക്ക്. അങ്ങനെ പാടിച്ചോദിച്ചപ്പോള്‍ വിഭവങ്ങള്‍ ഓരോന്നായി എത്തി. കല്‍ക്കണ്ടവും കടലപ്രഥമനും അരവണ, അവിയല്‍, അവല്‍ എന്നിങ്ങനെയും മാങ്ങാക്കറി, മുന്തിരിപ്പച്ചെടി, ഓലന്‍, കിച്ചടി , പാല്‍പ്പായസം, പുളിശ്ശേരി, പച്ചെടി, പച്ചമോര്, രസം തുടങ്ങി തൂശനിലയുടെ പരപ്പിലേക്ക് നിറഞ്ഞു കവിഞ്ഞു പാട്ടിന്റെ താളത്തിനൊപ്പമെത്തിയ രുചിവൈവിധ്യം.മേലുകര ശിവന്‍കുട്ടിയാശാന്റെ നേതൃത്വത്തിലായിരുന്നു വള്ളപ്പാട്ട്. പരിചിതമല്ലാത്ത രീതിയെങ്കിലും സദ്യവട്ടവും പാട്ടും മേളവുമൊക്കെ ആസ്വാദ്യകരമായിരുന്നു എല്ലാവര്‍ക്കും. 700 പേര്‍ക്കുള്ള വള്ളസദ്യ ഇന്ന് ഒരുക്കിയിട്ടുണ്ടെന്ന് കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ജയചന്ദ്രനും ഐ ജി ഷിലുവും അറിയിച്ചു.
Next Story

RELATED STORIES

Share it