malappuram local

വിഭജന സ്വപ്‌നത്തില്‍ പ്രതീക്ഷകളില്ലാതെ നറുകര വില്ലേജ്

മഞ്ചേരി: ജനസാന്ദ്രതയും വിസ്തൃതിയും പ്രവര്‍ത്തന പ്രതിസന്ധി തീര്‍ക്കുന്ന നറുകര വില്ലേജ് വിഭജിക്കുന്നതില്‍ തീരുമാനം വൈകുന്നു. 26 വാര്‍ഡുകളുള്‍പ്പെടുന്ന നറുകര വില്ലേജില്‍ ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് വില്ലേജ് വിഭജിക്കണമെന്ന ആശയം ഉയരുന്നത്. 20,500ല്‍പരം താമസക്കാരുണ്ടെങ്കില്‍ വില്ലേജ് വിഭജിക്കാമെന്നാണ് ചട്ടമെങ്കിലും നറുകര വില്ലേജില്‍ ഇതു പക്ഷേ പ്രാവര്‍ത്തികമാവുന്നില്ല.നിലവില്‍ 75,000ല്‍ അധികം കുടുംബങ്ങള്‍ വില്ലേജ് പരിധിയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. പരന്നു കിടക്കുന്ന ഓഫിസ് പരിധിയില്‍ അകലെയുള്ളവര്‍ക്ക് നറുകര വില്ലേജ് കാര്യാലയത്തിലെത്തിപ്പെടുകതന്നെ ശ്രമകരമാണ്. മേലാക്കം, ചെരണി, കരുവമ്പ്രം, കിടങ്ങഴി, നെല്ലിപ്പറമ്പ്, പുല്ലൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് വില്ലേജ് കാര്യാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ തന്നെ മാറ്റിവെക്കേണ്ടതായി വരുന്നു. ജനങ്ങള്‍ പ്രയാസപ്പെടുന്നതുപോലെ  ജോലിഭാരം ഇവിടെ ഉദ്യോഗസ്ഥരേയും വലക്കുന്നുണ്ട്.നെല്ലിപ്പറമ്പ് ആസ്ഥാനമാക്കി കരുവമ്പ്രം വില്ലേജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. നേരത്തെയുണ്ടായിരുന്ന കരുവമ്പ്രം വില്ലേജ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നറുകര വില്ലേജുമായി ലയിപ്പിക്കുകയായിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിന് നിലവില്‍ സാങ്കേതിക തടസ്സങ്ങള്‍ ഏതുമില്ല. നറുകരയില്‍ പഴയ കരുവമ്പ്രം വില്ലേജ് പരിധിയില്‍ വരുന്നവര്‍ക്ക് കരുവമ്പ്രം വില്ലേജ് എന്ന നിലയില്‍ തന്നെയാണ് ഫയലുകളും സേവനങ്ങളുമുള്ളത്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നറുകര വില്ലേജ് വിഭജിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വില്ലേജ് വിഭജിക്കുമെന്ന് പ്രസ്താവനകളിറക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും റവന്യൂ വകുപ്പില്‍ നിന്നുണ്ടായിട്ടില്ല. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് വില്ലേജ് വിഭജിക്കാന്‍ നടപടി വേണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്.
Next Story

RELATED STORIES

Share it