Districts

വിപ്ലവ ഓര്‍മകള്‍ക്ക് പത്ത് വയസ്സ് തികയുമ്പോഴും ലാലപ്പന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല

കെ സനൂപ്

പാലക്കാട്: തൃശൂര്‍ കേരളവര്‍മ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ, സിപിഎം നേതാവുമായിരുന്ന കെ എസ് വിപിന്‍ ലാന്‍ എന്ന ലാലപ്പന്റെ 10ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കുമ്പോഴും മരണത്തിലെ ദുരൂഹത തുടരുന്നു. തൃശൂര്‍ പഞ്ഞമൂല കാട്ടുങ്ങല്‍ ഹൗസില്‍ സോമന്‍-രമ ദമ്പതികളുടെ ഏക മകനായിരുന്നു വിപിന്‍ ലാന്‍. 2005 ഒക്ടോബര്‍ 16നാണ് വി പിന്‍ ലാല്‍ മരിച്ചത്.  വീടിനു സമീപമുള്ള റോഡില്‍ രാത്രിയിലാണ് ലാലപ്പനെ മരിച്ചനിലയില്‍ കണ്ടെ ത്തിയത്. രാത്രി നടന്ന സംഭവം വീട്ടുകാരറിയുംമുമ്പേ കണ്ണൂരിലെ ലാലപ്പന്റെ പഴയ സുഹൃത്തുക്കള്‍ വീട്ടില്‍ വിളിച്ചുപറഞ്ഞത്  ഞെട്ടിക്കുന്നതാണെന്ന് അമ്മ രമ പറഞ്ഞു. മരണത്തിലെ ദുരൂഹത അന്നുതന്നെ സിപിഎം മുഖപത്രമുള്‍െപ്പടെയുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംഘടനകള്‍ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, ലാലപ്പന്‍ മദ്യപിച്ച് റോഡരികിലെ മതിലിലിടിച്ച് രക്തം വാര്‍ന്നാണു മരിച്ചതെന്നായിരുന്നു പോലിസ് രേഖ. അതിനെതിരേ പിന്നീട് സിപിഎം സംഘടനകളില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. എന്നാല്‍, സംഭവത്തില്‍ ദുരൂഹതകളേറെയെന്ന് അന്നുതന്നെ എല്ലാ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നു ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തലയ്ക്കും വിവിധ ഭാഗങ്ങളിലുമേറ്റ ക്ഷതങ്ങളുടെ ഭാഗമായി ശരീരത്തില്‍ രക്തം തളംകെട്ടി നിന്നിരുന്നതായി വ്യക്തമായിരുന്നു. സംഭവദിവസം രാത്രി ഒരുസംഘം ആര്‍പ്പുവിളികളുമായി മനുഷ്യശരീരമെന്നു തോന്നിക്കുന്ന വസ്തു രാത്രി 11ഓടെ ലാലപ്പന്‍ മരിച്ചുകിടന്ന സ്ഥലത്ത് കൊണ്ടുവന്നിടുന്ന ത് കണ്ടതായി സമീപത്തെ വീടുകളിലുള്ളവര്‍ മൊഴിനല്‍കിയിരുന്നു. ആര്‍എസ്എസ്-എബിവിപി സഖ്യത്തിന്റെയും സിപിഎം സംഘടനകളിലെ ഔദ്യോഗിക വിഭാഗത്തിന്റെയും കണ്ണിലെ കരടായ ലാലപ്പനെ ഇരുവിഭാഗവും  കൊലപ്പെടുത്തിയാതാണെന്ന്് ബന്ധുക്കള്‍ ആരോപിക്കുന്നു.  ലാലപ്പന്റെ 10ാം ചരമവാര്‍ഷികത്തില്‍ കേരളവര്‍മ കോളജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിപുലമായ ആചരണപരിപാടി നടത്തുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹത സംബന്ധിച്ച് ആര്‍ക്കും മറുപടി നല്‍കാനാവുന്നില്ലെന്നും ആരും പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it