Middlepiece

വിപ്ലവസ്വപ്‌നങ്ങളില്‍ ചില ഏടാകൂടങ്ങള്‍

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

ഉറുമാമ്പഴം പൂക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്നൊരു പഴഞ്ചൊല്ലുണ്ട്. ശെയ്ത്താന്റെ നാട്ടില്‍ ഇപ്പോള്‍ രൂപപ്പെട്ടുവരുന്ന വിപ്ലവതരംഗത്തിന്റെ ശക്തി ചോര്‍ത്തിക്കളയുന്ന രീതിയില്‍ വായ്പുണ്ണ് വളര്‍ന്നുപന്തലിക്കുമോ എന്നാണ് അനന്തപുരിയിലെ രാഷ്ട്രീയ വിശാരദന്മാര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതത്രെ.
ബാര്‍ കോഴ, സരിത, സോളാര്‍ തുടങ്ങിയ മാരണങ്ങള്‍കൊണ്ടു വശംകെട്ട കുഞ്ഞൂഞ്ഞ്ഭരണത്തിന്റെ അന്ത്യനാളുകളില്‍ ഉറുമാമ്പഴം പൂക്കുന്നു എന്ന പ്രതീതി ഉണ്ടായിട്ടുണ്ട്. പറഞ്ഞിട്ടെന്ത്? വിപ്ലവമുന്നണിയെന്ന കാക്കയ്ക്ക് വായ്പുണ്ണ് പിടിപെട്ടാല്‍ ആ കനി തിന്നാനാവുമോ?
കണ്ണൂരിലെ അങ്കക്കളരിയില്‍ വിപ്ലവത്തിന്റെ പടനായകനെ സിബിഐ പൂട്ടിയിരിക്കുകയാണ്. കതിരൂര്‍ മനോജിനെ കാലപുരിക്കയച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പാര്‍ട്ടിതന്നെ വ്യക്തമാക്കിയതാണ്. സിബിഐയുടെ കാര്യം പോവട്ടെ. അതു കൂട്ടിലടച്ച തത്തയാണെന്ന് ആര്‍ക്കാണറിയാന്‍പാടില്ലാത്തത്. കോടതിയുടെ കാര്യമാണു കഷ്ടം. മുന്‍കൂര്‍ ജാമ്യം തരില്ലത്രെ. തരണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമില്ല. കാരണം, പാര്‍ട്ടിക്ക് ബൂര്‍ഷ്വാ കോടതികളില്‍ വിശ്വാസമില്ല.
ഷുക്കൂര്‍ വധവും സിബിഐ അന്വേഷിക്കണമെന്ന് കോടതി കല്‍പിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ എന്നപോലെ തന്നെ ഷുക്കൂര്‍ വധത്തിലും പാര്‍ട്ടിക്ക് പങ്കില്ല. ഇക്കാര്യം പലവട്ടം ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ഗൂഢാലോചന നടത്തി. പാര്‍ട്ടിയെ കളങ്കപ്പെടുത്തി. തുടര്‍ഭരണമുണ്ടാക്കാമെന്ന് നിങ്ങള്‍ വ്യാമോഹിക്കേണ്ട. ഇതിനിടെ കോടതി തള്ളിയ, ലാവ്‌ലിന്‍ ലാവ്‌ലിന്‍ എന്ന അപശ്രുതിഗാനവും നിങ്ങള്‍ പൊടിതട്ടിയെടുത്തില്ലേ! ആദര്‍ശ സുധീരന്‍ എഴുതിയ ആന്റിലാവ്‌ലിന്‍ ലേഖനത്തിന് തോമസ് ഐസക് ന്യൂട്ടന്‍ അയച്ച പ്രതിരോധ മിസൈല്‍ നിങ്ങളും കണ്ടതാണല്ലോ!
കുഞ്ഞൂഞ്ഞ് സിബിഐയുമായി ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ഉഗ്രമായാല്‍ തെളിവു പുറത്തുവിടും. ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പടനായകന് ജയിലില്‍ പരമാവധി സൗകര്യം ഒരുക്കാനാണ്. നെഞ്ചുവേദന ഇടയ്ക്കിടെ വരുന്നതിനാല്‍ ജയിലിലെ മൂട്ടകടി പരമാവധി കുറയ്ക്കാം. 180 ദിവസം കഴിഞ്ഞാലും ബൂര്‍ഷ്വാ കോടതി ജാമ്യം തരണമെന്നില്ല. കോടതിയുടെ അഹങ്കാരം അത്രയ്ക്കാണ്. പ്രാദേശിക രാജാക്കന്മാരുടെ ഭീഷണിക്ക് വഴങ്ങരുതെന്നാണ് കോടതിയുടെ കട്ടായം. വിപ്ലവനേതാവിനെ പ്രാദേശികരാജാവായി മുദ്രകുത്താന്‍ ബൂര്‍ഷ്വാ കോടതിക്കല്ലാതെ മറ്റാര്‍ക്കു കഴിയും?
കാരായി രാജനെ രാജിവയ്പിച്ചത് കോടതിയുടെ മുഖത്തേറ്റ കനത്ത അടിയാണ്. കാരായി രണ്ടാമനും രാജിവച്ചു. ഫസല്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. എന്നിട്ടും നിങ്ങള്‍ കാരായിമാരെ പ്രതികളാക്കി. ദൈവം, സോറി മാര്‍ക്‌സ് ഇതെല്ലാം അറിയുന്നുണ്ട്.
മരണങ്ങള്‍ പെരുകി പാര്‍ട്ടിയുടെ വായ്പുണ്ണ് ദുസ്സഹമാവുന്ന സാഹചര്യങ്ങള്‍ വേറെയുമുണ്ട്. വംഗനാട്ടില്‍ അഴിമതി കാംഗ്രസ്സുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുന്നു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസത്തെ ശവക്കുഴിയിലയക്കാനാണ് ഈ പ്രചാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
അവിടെ മുഖ്യശത്രു തൃണമൂലന്മാരാണ്. അവന്മാര്‍ പാര്‍ട്ടി ഓഫിസുകള്‍ തകര്‍ക്കുന്നു. എംഎല്‍എമാരെ കൂറുമാറ്റി തൃണമൂല്‍ മാമോദീസ മുക്കുന്നു. മ്മളെ കാര്യം കട്ടപ്പൊകയാക്കുന്നു. അതിനാല്‍ അവിടത്തെ ബുദ്ധശിരോമണി ചില പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടാവാം. നാടിന്റെ നന്മയാണല്ലോ പ്രധാനം. മറ്റൊരു പ്രധാന വസ്തുത ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വംഗനാട്ടില്‍ കാംഗ്രസ് ഭരണത്തില്‍നിന്നു തെറിച്ചിട്ട് പതിറ്റാണ്ടുകളായി. അതിനാല്‍ അവിടെ അവര്‍ അഴിമതിക്കാരല്ല. ഞങ്ങളും അഴിമതിക്കെതിരാണ്. രണ്ട് അഴിമതിവിരുദ്ധരും ചേര്‍ന്നാല്‍ തൃണമൂലന്മാരെ പുറത്താക്കാം. ഇതു സഖ്യമല്ല. വേണമെങ്കില്‍ നിങ്ങള്‍ ഇതിനെ അടവുനയം എന്നു വിളിച്ചോളൂ. മമതാമ്മയെ പുറത്താക്കാന്‍ ജനങ്ങള്‍ ഒന്നിച്ചാല്‍ പാര്‍ട്ടിക്ക് അതു തടയാനാവില്ല.
ഈ അടവുനയം എന്ന വിടവടയ്ക്കല്‍ നയം ഉയര്‍ത്തിക്കാട്ടി ഇവിടെ കാടടച്ച് വെടിവയ്ക്കാം എന്ന് വ്യാമോഹിക്കരുത്. ഞങ്ങള്‍ കാവി-ഖദര്‍ താപ്പാനകള്‍ക്ക് എതിരുതന്നെയാണ്. സംശയമുണ്ടെങ്കില്‍ വിശാഖപട്ടണം കോണ്‍ഗ്രസ്സില്‍ നിങ്ങള്‍ ഒരു പുനര്‍സന്ദര്‍ശനം നടത്തണം. ബിഹാറില്‍ ഞങ്ങള്‍ അവര്‍ ഇരുവര്‍ക്കുമെതിരേ പൊരുതി വിപ്ലവനക്ഷത്രം ജ്വലിപ്പിച്ചതു നിങ്ങള്‍ കണ്ടതാണല്ലോ. അതിനാല്‍ കൂട്ടരേ, ഈ വക പരിപ്പൊന്നും ഇവിടെ വേവില്ല. കുഞ്ഞൂഞ്ഞ്ഭരണം മൂര്‍ദാബാദ്. ലാല്‍സലാം.
ശേഷപത്രം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് മല്‍സരിക്കും.
കണ്ണൂര്‍ അശരീരി: അതു വേണ്ടായിരുന്നു.
Next Story

RELATED STORIES

Share it