kozhikode local

വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നത് പാവപ്പെട്ടവരെ സഹായിക്കാന്‍ : മുഖ്യമന്ത്രി



കോഴിക്കോട്്: വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നത് നാട്ടിലെ പാവപ്പെട്ടവരെയും സാധാരണക്കാരേയും ഇടത്തരക്കാരെയും സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ റമദാന്‍ മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലെ പ്രത്യേക പവലിയനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നതിലൂടെ അമിത വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നു. ആദ്യമന്ത്രിസഭാ യോഗം തന്നെ വിപണിയില്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ചിരുന്നു. സപ്ലൈകോയ്ക്ക് ബജറ്റില്‍ 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് 4200 കോടി രൂപയുടെ റിക്കാര്‍ഡ് വിറ്റുവരവ് നേടാന്‍ കഴിഞ്ഞു. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ എല്ലാ അര്‍ഥത്തിലും ശരിയായതാണെന്ന് ഇത് കാണിക്കുന്നു. വിപണി ഇടപെടലിന് എല്ലാ മാസവും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും വിപണിയില്‍ ഇടപെടാനുമാണ് സപ്ലൈകോയ്ക്ക് തുക അനുവദിക്കുന്നത്. 2016-17 വര്‍ഷം 431 കോടി രൂപ സബ്‌സിഡിയായി സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. വിപണി ഇടപെടല്‍ കൊണ്ടുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. സപ്ലൈകോ 13 ഇന അവശ്യ സാധനങ്ങള്‍ വിലയില്‍ ഒരു വര്‍ധനവും വരുത്താതെ വിതരണം ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസകരമാണ്. നല്ല ഇടപെടലാണ് സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പോലെ റമദാന്‍ മെട്രോ ഫെയറുകളും റമദാന്‍ ചന്തകളും ആരംഭിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഉത്സവകാലത്താണ് വിപണി ഇടപെടല്‍ ഏറ്റവും കൂടുതല്‍ ആവശ്യം. അടുത്ത ഓണക്കാലത്തേക്കുള്ള തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ആന്ധ്രയിലെ കൃഷിക്കാരില്‍നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ കഴിഞ്ഞത് വില പിടിച്ചുനിര്‍ത്താന്‍ സഹായകമായി. സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ കുടിശ്ശിക കൊടുത്തു തീര്‍ത്തു. വിപണിയിലെ സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത് ഏറ്റവും പ്രധാനമാണ്. വിലനിയന്ത്രണ സെല്‍ പുനഃസംഘടിപ്പിച്ച് വിലക്കയറ്റം ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഈ വര്‍ഷം അവ ആരംഭിക്കും.  ഉല്‍പാദന വിപണന രംഗത്ത് വമ്പന്‍ കമ്പനികള്‍ പിടിമുറുക്കുകയാണ്. ലാഭക്കൊതിയോടെയുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സപ്ലൈകോയ്ക്ക് കഴിയണം. ഇക്കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് സപ്ലൈകോ ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആറ് റമദാന്‍ മെട്രോ ഫെയറുകളും 90 റമദാന്‍ ചന്തകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. 24 വരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് ഊന്നല്‍ നല്‍കി എല്ലാ അവശ്യസാധനങ്ങളും ഗുണമേന്‍മയോടെ മിതമായ വിലയ്ക്ക് ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റൈ ഭാഗമായാണ് റമദാന്‍ മെട്രോ ഫെയര്‍ ഒരുക്കുന്നത്. മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ടിപി രാമകൃഷ്ണന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എംപി, എം എല്‍ എമാരായ എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ് കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സംസാരിച്ചു.
Next Story

RELATED STORIES

Share it