wayanad local

വിപണിയില്‍ കരുത്തുകാട്ടി കുടുംബശ്രീ ചന്തകള്‍

കല്‍പ്പറ്റ: മിതമായ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടത്തിയ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നു.
പെണ്‍കരുത്ത് പൊന്നു വിളയിച്ചതോടെ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ സമീപകാലത്തുണ്ടായ വന്‍ വളര്‍ച്ച വിഷുവിപണിയില്‍ പ്രതിഫലിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും അയല്‍ക്കൂട്ടങ്ങളും കൃഷി ചെയ്ത നിരവധി ഉല്‍പന്നങ്ങളാണ് വിഷു വിപണിയിലെത്തിയിട്ടുള്ളത്. ജൈവകൃഷിയിലൂടെ വിളയിച്ച ഉല്‍പന്നങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വിഷുവിന് മാത്രമായി കുടുംബശ്രീ 27 ചന്തകളാണ് ആരംഭിച്ചത്.
കാന്താരി മുതല്‍ കണിവെള്ളരി വരെയുള്ള പച്ചക്കറികളും നാടന്‍ കുത്തരി, പച്ചരി, ഗന്ധകശാല അരി തുടങ്ങിയവയും വിഷുച്ചന്തകളില്‍ ലഭ്യമാണ്. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സാമ്പാര്‍പ്പൊടി, ധാന്യപ്പൊടികള്‍ തുടങ്ങിയവ മായം ചേര്‍ക്കാതെ ലഭിക്കുമെന്നതിനാല്‍ കുടുംബശ്രീ സംരംഭകരില്‍ നിന്നുമാത്രം വാങ്ങുന്ന പ്രവണത പലയിടങ്ങളിലും വര്‍ധിച്ചുവരുന്നു.
വിഷു സദ്യയ്ക്കാവശ്യമായ എല്ലാ പച്ചക്കറികള്‍ക്കും ചീര, മുരിങ്ങയില, ഇടിച്ചക്ക, കറിവേപ്പില എന്നിവയ്ക്കും ചന്തകളില്‍ ആവശ്യക്കാരേറെയാണ്. അച്ചപ്പം, കുഴലപ്പം, ചിപ്‌സ്, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി തുടങ്ങിയ നാടന്‍ പലഹാരങ്ങളും യഥേഷ്ടം വിറ്റഴിയുന്നു.
ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ 4,150 കൂട്ടുത്തരവാദിത്ത സംഘങ്ങളാണുള്ളത്. ഇവയില്‍ 3,600 എണ്ണം സജീവമായി കൃഷി ചെയ്യുന്ന ഗ്രൂപ്പുകളാണ്.
500 ഹെക്റ്റര്‍ സ്ഥലത്ത് കുടുംബശ്രീ അംഗങ്ങള്‍ നെല്‍കൃഷി മാത്രം ചെയ്തുവരുന്നു. 200 ഹെക്റ്റര്‍ സ്ഥലത്ത് കിഴങ്ങുവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.
സാധാരണ വിഷുക്കാലത്ത് വാണം പോലെ കുതിച്ചുയരുന്ന പച്ചക്കറിവില ഇത്തവണ പിടിച്ചുനിര്‍ത്തിയതിന് പിന്നില്‍ കുടുംബശ്രീയുടെ ശക്തമായ ഇടപെടലുണ്ട്.
കര്‍ണാടകയില്‍ നിന്നെത്തുന്ന വിഷമയമായ പച്ചക്കറികള്‍ കൊണ്ട് സദ്യയുണ്ണേണ്ടി വന്നവര്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ തേടിയെത്തുന്നു.
കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക സര്‍വകലാശാല പ്രാദേശിക ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ കാര്‍ഷിക സംഘങ്ങള്‍ക്കും ജൈവകൃഷിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കിയുരുന്നു.
ഇതു വന്‍ വിജയമാണെന്നു തെളിയിക്കുന്നതാണ് വിപണിയിലെ പച്ചക്കറികളുടെ സാന്നിധ്യം, കുടുംബശ്രീ ചന്തകള്‍ക്ക് പുറമെ പൊതുവിപണിയിലും ധാരാളം ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് കാര്‍ഷിക മേഖലയ്ക്ക് തന്നെ മാതൃകയാവുകയാണ് ജില്ലയിലെ സഹോദരിമാര്‍.
Next Story

RELATED STORIES

Share it