വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍: അവശ്യവസ്തുക്കള്‍ പൊള്ളുന്നു

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ കൈപൊള്ളിയാണ് ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. വേനല്‍ച്ചൂടുപോലെ വിപണിയും ചുട്ടുപൊള്ളുകയാണ്. വിഷുക്കണി വിഭവങ്ങള്‍ക്കായി വിപണിയിലെത്തിയവര്‍ക്ക് ആഘോഷത്തിന്റെ മാധുര്യം തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു വില നിലവാരം. തീവില കൊടുത്തു വാങ്ങിയ ഇതരസംസ്ഥാന പച്ചക്കറിയും പഴങ്ങളുമാണ് ഇന്ന് മലയാളികള്‍ കണ്‍നിറയെ കണികണ്ടുണരുന്നത്. തിരഞ്ഞെടുപ്പു ചൂടില്‍ മുങ്ങിയ സര്‍ക്കാര്‍, വിഷു വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നതും ജനങ്ങള്‍ക്കു തിരിച്ചടിയായി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈസ്റ്റര്‍-വിഷു പ്രത്യേക വിപണികളൊന്നും ഇക്കുറി തുറന്നില്ല. സപ്ലൈകോ സ്‌റ്റോറുകളില്‍ ചിലതില്‍ തുടങ്ങിയ ചെറിയ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ കരുതല്‍ അവസാനിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ പത്തു മുതല്‍ എഴുപതു ശതമാനം വരെ പല സാധനങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സപ്ലൈകോ-മാവേലി സ്‌റ്റോറുകള്‍ അടക്കമുള്ള സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ ഇടനിലക്കാര്‍ക്ക് ലാഭം കൊയ്യാനുള്ള സൗകര്യമൊരുക്കി സര്‍ക്കാരും ഉദ്യോഗസ്ഥരും ജനങ്ങളെ പരിഹസിക്കുകയാണ്. സര്‍ക്കാര്‍, വിലകുറച്ച് സാധനങ്ങള്‍ വിറ്റാല്‍ നഷ്ടം സംഭവിക്കുന്ന കേന്ദ്രങ്ങള്‍ ഇടപെട്ടാണ് ടെന്‍ഡര്‍ അട്ടിമറിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പച്ചക്കറികളുടെ വില ഉയര്‍ന്നാല്‍ സീസണ്‍ കഴിയുമ്പോള്‍ കുറയുമെന്ന പ്രതീക്ഷയെങ്കിലുമുണ്ട്. എന്നാല്‍, റോക്കറ്റ് പോലെ ഉയരുന്ന പലവ്യഞ്ജനങ്ങളുടെ വിലയില്‍ ഇടിവു വരില്ലെന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. പതിവുപോലെ പയറു വര്‍ഗങ്ങള്‍ക്കാണ് വില ഉയര്‍ന്നിട്ടുള്ളത്. തിരുവനന്തപുരത്തെ ചാല, പാളയം മാര്‍ക്കറ്റുകളിലെ വിലനിലവാരമനുസരിച്ച് ചെറുപയര്‍-125, പരിപ്പ്-158, ഉഴുന്ന്-170, വന്‍പയര്‍-53, കടല-70 എന്നിങ്ങനെയാണ് പയറു വര്‍ഗങ്ങളുടെ വില. കഴിഞ്ഞ വിഷുവിന് ചെറുപയര്‍ ഒഴിച്ച് മറ്റെല്ലാറ്റിന്റെയും വില 100ല്‍ എത്തിയിരുന്നില്ല എന്നതും വിലക്കയറ്റത്തിന്റെ തോത് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 100ല്‍ താഴെ മാത്രം വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇത്തവണ 200ന് അടുത്തെത്തി. 175 ആണ് വെളുത്തുള്ളിയുടെ മൊത്തവില. മട്ട അരി-35, പഞ്ചസാര-40, മല്ലി-83, മുളക്-168 എന്നിങ്ങനെ പോവുന്നു പലവ്യഞ്ജനങ്ങളുടെ നിരക്ക്.
15 രൂപയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച കണിവെള്ളരി ഇത്തവണ 30 രൂപ മുതലാണ് വില. കണിയിലെ മറ്റൊരു പ്രധാന വിഭവമായ ചക്കയുടെ വില ഒന്നിന് 100 രൂപയ്ക്കു മുകളിലാണ്. വിഷുസദ്യ ഒരുക്കേണ്ട മറ്റു പച്ചക്കറികള്‍ക്കും വിലവര്‍ധനവുണ്ട്. ചാല മാര്‍ക്കറ്റിലെ വിലയനുസരിച്ച് മത്തന്‍-40, തക്കാളി-40, കാരറ്റ്-68, വെണ്ടയ്ക്ക-54, ബീന്‍സ്-88, ഇഞ്ചി-80, മുരിങ്ങക്കായ-55, പാവയ്ക്ക-65 പച്ചമുളക്-60, മല്ലിയില-90, കറിവേപ്പില-85 എന്നിങ്ങനെയാണ് പച്ചക്കറി വില. നാളികേരത്തിന്റെ വില കിലോയ്ക്ക് 38ല്‍ നിന്ന് 25 ആയത് ആശ്വാസമാണ്. വിഷുവിനു പുറമെ കടുത്ത വേനല്‍ കൂടി അനുഭവപ്പെടുന്നതിനാല്‍ പഴവര്‍ഗങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. 125 മുതല്‍ 150 വരെയാണ് ആപ്പിളിന്റെ വില. ഓറഞ്ച്-120, മാതളം-140, മുന്തിരി 80 മുതല്‍ 170 വരെ, പേരയ്ക്ക-80, മുസംബി-120, ഏത്തപ്പഴം-55, ഞാലിപ്പൂവന്‍-60 എന്നിങ്ങനെയാണ് പഴ വര്‍ഗങ്ങളുടെ വില.
കണിയൊരുക്കാനുള്ള വിഭവങ്ങള്‍ അടങ്ങിയ ഇന്‍സ്റ്റന്റ് കണി മാര്‍ക്കറ്റില്‍ ലഭ്യമാണ്. വില 400 മുതലാണ് ആരംഭിക്കുന്നത്. വിലക്കയറ്റം താങ്ങാനാവാതെ പലരും പ്ലാസ്റ്റിക് വിഭവങ്ങള്‍ കൊണ്ടൊരുക്കുന്ന ഹൈടെക് കണിയില്‍ അഭയം കണ്ടെത്തുകയാണ്. തിരുവനന്തപുരത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇവയ്ക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it